തിരുവനന്തപുരം: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കല്‍ ഇന്ന് അന്വേഷണസം ഘത്തിനു മുമ്പാകെ ഹാജരാകും. ബിഷപ്പ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്. എന്നാലിത് അറസ്റ്റ് ചെയ്യുന്നതിന് തടസ്സമല്ലെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ, തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.മുന്‍കൂര്‍ ജാമ്യഹരജി പരിഗണനയില്‍ ഇരിക്കെത്തന്നെ മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താമെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ട്.ഇന്ന് 10 മണിക്കാണ്് ബിഷപ്പ് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാവുക.
ബിഷപ്പിന് നേരെ ആക്രമണം ഉണ്ടായേക്കാവുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷ ഒരുക്കുമെന്നും എസ്.പി വ്യക്തമാക്കി. കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറേയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു എസ്.പിയുടെ പ്രതികരണം.വിവാദങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ എത്രയും വേഗം ബിഷപ്പിന്റെ അറസ്റ്റുണ്ടാവുമെന്നാണ്് സൂചനകള്‍. കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കവെ അറസ്റ്റ് തടയണം എന്ന വാദം ബിഷപ്പിന്റെ അഭിഭാഷകര്‍ ഉയര്‍ത്തിയിരുന്നില്ല. കോടതി ഇത് നിരസിക്കുമോ എന്ന് ഭയന്നാണ് ഇത്തരത്തിലൊരു നീക്കം എന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.
ചോദ്യം ചെയ്യല്‍ കേന്ദ്രമേതെന്നു വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്‌ഥനായ വൈക്കം ഡിവൈ.എസ്.പി. മുമ്പാകെ ഹാജരാകാനാണു നിര്‍ദേശം. ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കാത്തിരിക്കുന്നതു നൂറിലേറെ ചോദ്യങ്ങളും ഉപചോദ്യങ്ങളും അടങ്ങിയ ചോദ്യാവലിയാണ്. കന്യാസ്‌ത്രീയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ടു ശേഖരിച്ച തെളിവുകളെ ആസ്‌പദമാക്കിയാകും ചോദ്യം ചെയ്യല്‍. ചോദ്യവലി സംബന്ധിച്ച് ഇന്നലെ എറണാകുളത്തു റേഞ്ച് ഐ.ജി .വിജയ് സാഖറെയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അന്തിമതീരുമാനമായി. അന്വേഷണസംഘം ജലന്ധറിലെത്തി മൊഴിയെടുത്തപ്പോള്‍ ചോദിച്ചകാര്യങ്ങള്‍ ആവര്‍ത്തിക്കില്ല.
മൂന്നുദിവസങ്ങളിലായി നടക്കുന്ന ചോദ്യം ചെയ്യലിലെ ബിഷപ്പിന്റെ മൊഴികളുടെ അടിസ്‌ഥാനത്തില്‍ സമാന്തരമായ അന്വേഷണവും നടക്കും. വൈക്കം ഡിവൈ.എസ്.പിയാകും ചോദ്യം ചെയ്യലിനു നേതൃത്വം നല്‍കുന്നത്. ചോദ്യം ചെയ്യലിനു ബിഷപ് ഹാജരാകുമെന്നു ജലന്ധര്‍ രൂപത അധികൃതര്‍ ഇന്നലെ വൈക്കം ഡിവൈ.എസ്.പിയെ അറിയിച്ചിട്ടുണ്ട്.
എറണാകുളം പോലീസ് ക്ലബ്, അവിടെയുള്ള ചോദ്യം ചെയ്യല്‍ കേന്ദ്രം, വൈക്കം പോലീസ് സ്‌റ്റേഷന്‍, ഏറ്റുമാനൂര്‍ സ്‌റ്റേഷനിലെ ആധുനിക ചോദ്യചെയ്യല്‍ കേന്ദ്രം, കോട്ടയം പോലീസ് ക്ലബ്, എ.ആര്‍. ക്യാമ്പ് എന്നിവിടങ്ങളില്‍ ചോദ്യംചെയ്യലിനുള്ള സൗകര്യവും സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്. വൈക്കത്തെത്തിയശേഷം സുരക്ഷിതമായ ഏതെങ്കിലും ചോദ്യംചെയ്യല്‍ കേന്ദ്രത്തിലേക്കു മാറ്റാനാണു പോലീസ് നീക്കം. പരാതിക്കാരിയായ കന്യാസ്‌ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തിന്റെ സുരക്ഷയും ശക്‌തമാക്കി. സുരക്ഷയ്‌ക്കായി, മഫ്‌തിയിലടക്കം 1000 പോലീസുകാരുടെ സേവനമാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. അതിനിടെ ഞായറാഴ്‌ച ജലന്ധര്‍ രൂപതാ ആസ്‌ഥാനത്തുനിന്നു പുറപ്പെട്ട ബിഷപ് സംസ്‌ഥാനത്തെത്തിയതിന്റെ യാത്രാരേഖകള്‍ പോലീസ് അന്വേഷിക്കുകയാണ്. ബിഷപ് ഇന്നലെ രാത്രിയോടെ കോട്ടയം ജില്ലയില്‍ എത്തിയ ബിഷപ്പ് കറുകച്ചാലിലെ ബന്ധുവീട്ടില്‍ തങ്ങിയെന്നാണു വിവരം.