
കൊച്ചി:ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം.സി.ജോസഫൈന്റെ നിർദേശ പ്രകാരമാണു നടപടി. പീഡന കേസുകളിൽ ഇരയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതു നിയമവിരുദ്ധമാണ്. അതിനാൽ കന്യാസ്ത്രീയെ അപമാനിച്ചവർക്കെതിരെ നിയമ സംവിധാനങ്ങൾ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു.
കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങൾക്കു നല്‍കിയ സംഭവത്തിൽ മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സഭയ്ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. പ്രസിദ്ധീകരിക്കുമ്പോൾ തിരിച്ചറിയുംവിധം നൽകിയാൽ മിഷനറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ലെന്ന അറിയിപ്പോടെയാണു കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങൾക്കു നല്‍കിയത്. സംഭവത്തിൽ കന്യാസ്ത്രീയുടെ സഹോദരൻ വൈക്കം ഡിവൈഎസ്പിക്കു പരാതി നൽകിയിരുന്നു.
അതേസമയം കന്യാസ്ത്രി നല്‍കിയ പീഡനപരാതിയില്‍ ജലന്തർ ബിഷപ്പിനെതിരായ അന്വേഷണം പൂർത്തിയായശേഷം മാത്രം വിഷയത്തിൽ പ്രതികരിക്കാമെന്നു അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സമിതി അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുന്ന അവസ്ഥയിലാണെന്നും, അന്വേഷണം പൂര്‍ത്തിയായതിനു ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നു അഖിലേന്ത്യ കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു. സിബിസിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അന്വേഷണം തീര്‍ന്നതിനുശേഷം സഭ നിലപാടെടുക്കും. അതേസമയം ബിഷപ്പ് സ്ഥാനമൊഴിയണമെന്ന നിലപാട് സിബിസിഐ പ്രസിഡന്റും മുംബൈ അതിരൂപതാധ്യക്ഷനുമായ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റേതല്ലെന്നും അഖിലേന്ത്യ കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു. നേരത്തെ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് നിലപാട് ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍ നിന്നുണ്ടായി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ മുംബൈ വക്താവിന്റെ നിലപാട് വ്യക്തിപരമെന്നും സിബിസിഐ വ്യക്തമാക്കി.