കൊറോണ രോഗികളെ പരിചരിച്ച നഴ്‌സുമാരെ വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടു, ജനങ്ങളില്‍ പലരും ഭീതിയില്‍, സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത് 19 പേര്‍ക്ക്

കൊറോണ മഹാമാരിയായി മാറുമ്പോള്‍ കേരളം ഭീതിയിലാണ്. 4000ത്തോളം ജനങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്നു പേരുടെ രോഗം ഭേദമായി. ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ള 16 പേരാണ്. കോട്ടയവും പത്തനംതിട്ടയുമാണ് ആശങ്ക പടര്‍ത്തുന്നത്. കോട്ടയത്ത് നാല് പേര്‍ക്കും പത്തനംതിട്ടയില്‍ ഏഴ് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയത്ത് കൊറോണ രോഗികളെ പരിചരിച്ച നഴ്‌സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്ന് മെയില്‍ നഴ്‌സുമാരെയാണ് വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. രോഗം പടരാന്‍ സാധ്യതയുണ്ടെന്ന ഭീതി കാരണം വീട്ടുടമസ്ഥന്‍ ഇറക്കിവിടുകയായിരുന്നു എന്ന് നഴ്‌സുമാര്‍ പറഞ്ഞു. നിലവില്‍ കൊറോണാ വാര്‍ഡിന് മുകളിലത്തെ പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് നഴ്‌സുമാരുടെ താമസം. നഴ്‌സുമാര്‍ക്ക് താമസ സൗകര്യം ഒരുക്കാനാകില്ലെന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും പറയുന്നത്.

അതേസമയം, സംഭവിച്ചതൊന്നും അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്ന് കോവിഡ് ബാധിച്ച ചെങ്ങളം സ്വദേശി മാധ്യമങ്ങളോട് പറഞ്ഞു. പൂര്‍ണമായും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ചികില്‍സയില്‍ കഴിയുകയാണെന്നും മറ്റ് അസ്വസ്ഥതകളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മനഃപൂര്‍വം ഒന്നും ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം വല്ലാത്ത വിഷമമുണ്ടാക്കുന്നു. തനിക്കും ഭാര്യയ്ക്കും കുഞ്ഞിനും ഒരു ആരോഗ്യപ്രശ്‌നവുമില്ലെന്നും കോവിഡ് ബാധിതന്‍ പറഞ്ഞു.

ഡോക്ടര്‍മാര്‍ ഏറ്റവും നല്ല ചികില്‍സയും മാനസികപിന്തുണയും നല്‍കുന്നുണ്ട് . ഭാര്യാപിതാവിന്റെ മാതാപിതാക്കളുടെ ആരോഗ്യനില തികച്ചും തൃപ്തികരമാണ്. ഡോക്ടര്‍മാര്‍ എടുത്തുതന്ന അവരുടെ വിഡിയോ കണ്ടു. സര്‍ക്കാര്‍ പുറത്തുവിട്ട റൂട്ട് മാപ്പില്‍ പറയാത്ത ഒരിടത്തും പോയിട്ടില്ല. കൗണ്‍സിലിങ് അടക്കം ലഭിക്കുന്നുണ്ടെന്നും ഇനിയും ക്രൂശിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Top