കോഴിക്കോട് :കേരളമേ നാണിച്ച് തല കുനിക്കുക .സ്വന്തം ജീവൻ നോക്കാതെ രോഗീ പരിചരണം നടത്തി രക്തസാക്ഷിയായ ലീനയുടെ ആത്മാവേ പൊറുക്കുക . നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം പടരാതിരിക്കാനും പ്രതിരോധിക്കാനും ഒത്തൊരുമയോടെ എല്ലാവരും നീങ്ങുമ്പോള്‍ കുറച്ചാളുകള്‍ വീപരീതമായാണ് പ്രവര്‍ത്തിക്കുന്നു. നിപ്പ വൈറസ് ബാധയേറ്റവരെ ചികിത്സിക്കുന്ന പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് പ്രദേശത്തെ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നഴ്‌സുമാര്‍ തന്നെ ഇത്തരമൊരു പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.
തങ്ങള്‍ ബസില്‍ കയറിയാല്‍ മറ്റ് ആളുകള്‍ക്ക് അടുത്തുവരാന്‍ ബുദ്ധിമുട്ടാണെന്നും ഓട്ടോയില്‍ പോലും കയറ്റാന്‍ മടിക്കുകയാണെന്നും നഴ്‌സുമാര്‍ പരാതിപ്പെട്ടു. നഴ്‌സുമാരുടെ കുടുംബാംഗങ്ങളോട് നാട്ടുകാരുടെ പെരുമാറ്റവും സമാനരീതിയിലാണ്. വീട്ടുകാരുമായി ഇടപഴകാനോ സംസാരിക്കാനോ എല്ലാവര്‍ക്കും ഭയമാണെന്നാണ് നഴ്‌സുമാരുടെ പരാതി. ഭീതിയൊന്നും ഇല്ലാതെ നിപ്പാ വൈറസ് ബാധയേറ്റ് വരുന്ന രോഗികളെ പരിചരിക്കുന്ന തങ്ങളോട് നാട്ടുകാര്‍ ഇത്തരം സമീപനം സ്വീകരിക്കുന്നത് നഴ്‌സിംഗ് സമൂഹത്തിനും അമര്‍ഷമുണ്ട്.
അകാരണമായ ഭീതിയാണ് നാട്ടുകാരുടെ ഇത്തരം പെരുമാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇതിന് ബോധവത്കരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം പടരാതിരിക്കാന്‍ മുന്‍ കരുതല്‍ ആവശ്യമാണെങ്കിലും അനാവശ്യമായി ഭയപ്പെടുന്നവര്‍ ധാരാളമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി വരുന്ന തെറ്റായ സന്ദേശങ്ങളും ഇതിന് കാരണമാണ്. മൃതദേഹത്തില്‍ നിന്ന് പോലും വൈറസ് ബാധ പടരാമെന്ന സാഹചര്യവും ആളുകളെ വെറുതെ ഭയപ്പെടുത്തുന്നുണ്ട്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ പോലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സാധാരണ ഗതിയില്‍ അറുന്നൂറിനടുത്ത് രോഗികളാണ് ഇവിടെ എത്താറുള്ളത്. എന്നാല്‍ ബുധനാഴ്ച എത്തിയത് 54 രോഗികള്‍ മാത്രമാണ്. കഴിഞ്ഞ രണ്ടു, മൂന്ന് ദിവസങ്ങളിലായി ഇതേ അവസ്ഥയാണ്. കിടത്തി ചികിത്സയ്ക്ക് കഴിഞ്ഞ നാലുദിവസത്തിനിടെ ആരും എത്തിയിട്ടില്ല. വൈറസ് ബാധയേറ്റവര്‍ ചികിത്സയിലുള്ള നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും രോഗികള്‍ കുറഞ്ഞിട്ടുണ്ട്.
പേരാമ്പ്രയില്‍ മാത്രമല്ല, നിപ്പാ വൈറസ് ബാധയുടെ ഭീതിയില്‍ കോഴിക്കോട് ജില്ലയിലെ ഒട്ടുമിക്ക ആശുപത്രികളിലും ചികിത്സക്കെത്തുന്നവരുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായിട്ടുണ്ട്. അസുഖം പകരുന്നത് സംബന്ധിച്ച് വ്യാപിക്കുന്ന തെറ്റായ സന്ദേശത്തെ തുടര്‍ന്ന് ഭൂരിഭാഗം പേരും ഒപിയില്‍ ചികിത്സ തേടുന്നത് നിര്‍ത്തി. പലരും സമീപത്തെ സ്വകാര്യ ക്ലിനിക്കുകളെയും മറ്റുമാണ് ആശ്രയിക്കുന്നത്.
ജയില്‍റോഡ് പരിസരത്തെ പ്രമുഖ ലാബില്‍ തിരക്ക് നാലിലൊന്നായി കുറഞ്ഞു. ഇവിടെ പരിശോധനയ്ക്കും ഫലം ലഭിക്കാനുമായി എത്തുന്നവര്‍ മുഖത്ത് മാസ്‌ക് ധരിച്ചാണ് എത്തുന്നത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളെ സന്ദര്‍ശിക്കുന്നവരുടെ എണ്ണവും നന്നേ കുറഞ്ഞിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒപിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം നേര്‍പകുതിയായി. നിപ്പാ വൈറസ് ബാധ സംശയിക്കുന്നവര്‍ മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്. സാധാരണ രണ്ടായിരത്തിനടുത്ത് രോഗികള്‍ ദിനം പ്രതി എത്താറുണ്ടായിരുന്നു. എന്നാല്‍ ബുധനാഴ്ച 1,084 പേര്‍ മാത്രമാണ് ചികിത്സ തേടിയത്. ചൊവ്വാഴ്ച 1,609 രോഗികള്‍ എത്തിയ സ്ഥാനത്താണ് അടുത്ത ദിവസം വീണ്ടും എണ്ണം കുറഞ്ഞത്.
അത്യാഹിത വിഭാഗത്തിലും സമാന സാഹചര്യമാണ്. ശരാശരി നാനൂറിനടുത്ത് കേസുകളുണ്ടാവുന്ന ഇവിടെ, കഴിഞ്ഞ നാല് ദിവസങ്ങളിലായി പരമാവധി 80 പേരാണ് എത്തിയത്. അതേസമയം ചെറിയ ക്ലിനിക്കുകളില്‍ തിരക്ക് ഏറിയിട്ടുണ്ട്. ആശുപത്രിയില്‍ എത്തിയാല്‍ രോഗം പടരുമെന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്ന നാട്ടുകാര്‍ ധാരളമുള്ളതാണ് ഇതിന് കാരണം. അസുഖമായി ആശുപത്രിയിലേക്ക് പോകാന്‍ ഓട്ടോറിക്ഷയോ ടാക്‌സി വാഹനങ്ങളോ വിളിച്ചാല്‍ വരാത്ത നിരവധി സംഭവങ്ങളുണ്ടെന്നും പരാതികളുണ്ട്. ഇതെല്ലാമാണ് ബോധവത്കരണം ശക്തമാക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.
അതേസമയം രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ നിപ വൈറസ് ബാധിച്ചവരുടെ എണ്ണം 15 -ആയി. പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനം, സ്വദേശം എന്നീ വിവരങ്ങളൊന്നും ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല.