തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ചുള്ള ശമ്പള വര്‍ദ്ധനവ് ഉടന്‍ കേരളത്തിലും പ്രഖ്യാപിക്കും. ആശുപത്രി ജീവനക്കാരുടെ വേതന വര്‍ദ്ധനവിനെ കുറിച്ച് തീരുമാനിക്കുന്ന തൊഴിലാളി ആശുപത്രി സര്‍ക്കാര്‍ ഉന്നതല യോഗം ഈ വരുന്ന 27 നാണ് നടക്കുക. ഈ യോഗത്തിലാണ് സുപ്രീം കോടതി നിര്‍ദ്ദേശ മനുസരിച്ചുള്ള ശമ്പള വര്‍ദ്ധനവ് തീരുമാനിക്കുന്നത്. കേരളത്തിലെ നഴ്‌സുമാരുടെ നീണ്ടകാലത്തെ അവകാശപോരാട്ടത്തിനാണ് ഇതോടെ വിജയം കാണുക.
ഉന്നത തല യോഗ തീരുമാനം സര്‍ക്കാരിനെ അറിയിക്കും ഇതിനനുകൂലമായി തന്നെ ആഴ്ച്ചകള്‍ക്കുള്ളില്‍ സര്‍ക്കാരും തീരുമാനമെടുക്കും. ഇതോടെ അമ്പത് ബെഡ് വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് കുറഞ്ഞത് ഇരുപത്തി രണ്ടായിരം രൂപവരെ ലഭിക്കും. വന്‍കിട ആശുപത്രികളില്‍ ഇത് ഇരട്ടിയിലധികമായി മാറും.
സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് നല്‍കുന്ന ശമ്പളം സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് നല്‍ക്കാന്‍ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും വിശദമായ പഠനം കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ നേരത്തെ തന്നെ വേതന വര്‍ദ്ധനവിനായി സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല കമ്മിറ്റി രൂപീകരിക്കുകയും വടക്കന്‍ ജില്ലകളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇതിനിടിയിലാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനഞ്ചിന് ഉന്നതലയോഗം ചേര്‍ന്നെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. ഇതിനുശേഷമാണ് ഇരുപത്തേഴിലേക്ക് യോഗം മാറ്റിയത്.