കോഴിക്കോട്: സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. മെയ് 31 നകം പുതുക്കിയ ശമ്പളം നല്‍കണം, ആശുപത്രി ഉടമകള്‍ ശമ്പള പരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കുന്നുവെന്നും നഴ്‌സുമാരുടെ സംഘടന.
സര്‍ക്കാര്‍ പുറത്തിറക്കിയ ശമ്പളപരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നുവെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. ഈ മാസത്തിനകം പുതുക്കിയ ശമ്പളം നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും യുഎന്‍എ വ്യക്തമാക്കി. ഏപ്രില്‍ 23 ന് ആണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.കുറഞ്ഞ ശമ്പളം 20000 രൂപയാക്കി ഉയര്‍ത്തിയായിരുന്നു ഉത്തരവ്. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ ഉത്തരവ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് യുഎന്‍എയുടെ ആരോപണം.
സര്‍ക്കാര്‍ ഉത്തരവിനെതിരെ ആശുപത്രി മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് കോടതി സ്റ്റേ ചെയ്താല്‍ നഴ്‌സുമാരെ അണിനിരത്തി തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തും.