
കൊച്ചി: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. പ്രതികളായ മൂന്ന് പേരുടെയും വിശദീകരണ കുറിപ്പടക്കം കേസെടുക്കുന്നതിലും അറസ്റ്റ് നടപടികളിലും നിർണായകമായി. അറസ്റ്റിലായ പ്രതികളെ രാവിലെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. അമ്മുവിനെ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ മൊഴി, കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ മൂവർക്കുമെതിരായ കണ്ടെത്തലുകൾ, തെറ്റുകൾ ഏറ്റുപറഞ്ഞു പെൺകുട്ടികൾ കോളേജിൽ നൽകിയ വിശദീകരണക്കുറിപ്പ്, ആത്മഹത്യാക്കുറിപ്പിന് സമാനമായി അമ്മുവിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ ക്വിറ്റ് എന്നെഴുതിയ കുറിപ്പ്, അമ്മുവിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്നതിൽ നിർണായകമായത്.
അതേസമയം പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ അടിമുടി ദുരൂഹത. കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകിയാണ്. അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാതെ തിരുവനന്തപുരത്തേക്ക് അയച്ചത്തിലും വീഴ്ച്ച സംഭവിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിലും താമസം നേരിട്ടുവെന്നതാണ് കണ്ടെത്തൽ .
സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കുമെന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവൻ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചത്. കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിച്ചാണ് സംഭവത്തിൽ കുടുംബം രംഗത്ത് വന്നത്. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ലെന്ന് കുടുംബം കുറ്റപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു എ സജീവ് എൻഎസ്എസ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ അമ്മുവിനെ അരമണിക്കൂറിലധികം സമയം കഴിഞ്ഞാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അമ്മു താമസിച്ച ഹോസ്റ്റലിൽ നിന്നും ജനറൽ ആശുപത്രിയിലേക്കുള്ള ദൂരം 2.6 കിലോമീറ്റർ മാത്രമാണ് എന്നിരിക്കയാണ് ഈ സമയവ്യത്യാസം. അവിടെയും അവസാനിച്ചില്ല വീഴ്ചകളുടെ തുടർക്കഥ.