നേഴ്​സ് റിക്രൂട്ട്‌മെന്റ് : കുവൈത്ത് മെഡിക്കല്‍ ഫീസ് കുറക്കാനാവില്ലെന്ന് ഖദാമത്ത്,കൊച്ചി ഓഫിസ് ഇന്നു മുതല്‍

തിരുവനന്തപുരം: കുവൈത്ത് നഴ്‌സ് റിക്രൂട്ട്‌മെന്റിനുളള ആരോഗ്യപരിശോധനയ്ക്ക് ഫീസ് കുറയ്ക്കാനാവില്ലെന്ന് ഖദാമത്ത് ഏജന്‍സി. കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഖദാമത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഖദാമത്തിന്‍െറ കൊച്ചി ഓഫിസ് ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കോഴിക്കോട് പുതിയ ഓഫിസ് തുറക്കുമെന്നും ഖദാമത്ത് ഉറപ്പു നല്‍കിയതായി മന്ത്രി കെ.സി ജോസഫ് അറിയിച്ചു.മെഡിക്കല്‍ പരിശോധനക്ക് കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ച 55 കുവൈത്ത് ദിനാറാണ് (12,000 രൂപയോളം) ഈടാക്കുന്നത്. ഇത് കുറക്കാനാവില്ളെന്ന നിലപാടാണ് ചര്‍ച്ചയില്‍ ഖദാമത്ത് അധികൃതര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.സി ജോസഫ്, തോമസ് ചാണ്ടി എം.എല്‍.എ എന്നിവരാണ് ഖദാമത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയത്.

കുവൈത്തിലേക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത കുവൈത്ത് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. മന്ത്രി കെ.സി ജോസഫ്, തോമസ് ചാണ്ടി എംഎല്‍എ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഉദ്യോഗാര്‍ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കുന്നെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് ജൂണ്‍ 26നാണ് മെഡിക്കല്‍ പരിശോധനയില്‍നിന്ന് ഖദാമത്ത് ഏജന്‍സിയെ മാറ്റിയത്. രണ്ടാഴ്ച മുമ്പാണ് വീണ്ടും അനുമതിനല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top