ആറ്റിങ്ങലില്‍ നഴ്‌സിനെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ആശുപത്രിയില്‍ ഇപ്പോഴും സുഖവാസം; രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഉന്നതരോ?.

വെഞ്ഞാറമൂട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതി ആറ്റിങ്ങല്‍ നഗരമദ്ധ്യത്തില്‍ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ഇപ്പോഴും സുഖവാസം. വെഞ്ഞാറമൂട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ നഴ്‌സായിരുന്ന പാലാംകോണം സൂര്യാഭവനില്‍ ശശിധരന്‍നായര്‍ സുശീല ദമ്പതികളുടെ മകള്‍ സൂര്യാ എസ്. നായര്‍ (25)കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം പോലും അട്ടിമറിക്കപ്പെടുകയാണ്.

സൂര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കൊല്ലത്തെ ലോഡ്ജില്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചും പാരസെറ്റമോള്‍ ഗുളികകള്‍ കഴിച്ചും ആത്മഹത്യാശ്രമം നടത്തിയ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനില്‍ ഷിജു(26)വിനെ രക്ഷിക്കാന്‍ അണിയറയില്‍ നീക്കം സജീവമാണ്. പ്രതി ഒരുമാസമായി മെഡിക്കല്‍ കോളേജ് ആശുപത്രി സെല്ലില്‍ കഴിയുന്നത് സൂര്യയുടെ ബന്ധുക്കളിലും നാട്ടുകാരിലും സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്.പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ആശുപത്രി അധികൃതരും പൊലീസും നല്‍കുന്നത് വി.ഐ.പി പരിഗണനയെന്നും ആക്ഷേപമുണ്ട്.

കൊല നടത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടശേഷം കൊല്ലത്തെ ലോഡ്ജ് മുറിയില്‍ ആത്മഹത്യാശ്രമത്തില്‍ പരിക്കേറ്റ ഷിജു കുറ്റവാളിയാണെന്ന് പൊലീസ് മറക്കുകയാണ്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയ കൊലക്കേസ് പ്രതിയെ സൗന്ദര്യവര്‍ദ്ധനവിനുള്ള പ്‌ളാസ്റ്റിക്ക് സര്‍ജറിക്ക് വിധേയനാക്കി. ഷിജുവിന്റെ ആരോഗ്യ സ്ഥിതി സാധാരണനിലയിലല്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും സംശയാസ്പദമാണ്. സൂര്യയെ കൊലപ്പെടുത്താനുള്ള കാരണങ്ങളും കൃത്യം നടത്തിയ രീതിയുമെല്ലാം പൊലീസിനോട് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ തെളിവെടുപ്പ് നടത്താനും കഴിയില്ല.

കേസ് അന്വേഷണത്തിന് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തക്കവിധത്തില്‍ ഇയാള്‍ ആരോഗ്യനില വീണ്ടടുത്തതായി മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞാല്‍ മാത്രമേ അന്വേഷണ സംഘത്തിന് തുടര്‍നടപടികള്‍ ആരംഭിക്കാന്‍ കഴിയൂ. കൊലപാതകം നടന്ന സ്ഥലത്തും കൊല്ലത്തെ ലോഡ്ജിലും ഷിജുവിനെ എത്തിച്ച് തെളിവെടുക്കുകയും കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തുകയും ചെയ്താല്‍ മാത്രമേ തെളിവെടുപ്പ് പൂര്‍ത്തിയാകൂ. അതിനുപുറമേ സൂര്യയുമായുള്ള ഫേസ് ബുക്ക് പോസ്റ്റുകളും മെയിലുകളും പരിശോധിക്കണം. ഇതിനെല്ലാം മെഡിക്കല്‍ ബോര്‍ഡിന്റെ നിലപാട് തടസ്സമാകുന്നു.

ഇയാളുടെ മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും സൂര്യയ്‌ക്കെതിരെ സുഹൃത്തുക്കളായ പലരോടും ഇയാള്‍ നടത്തിയ അന്വേഷണങ്ങളിലും പൊലീസിന് പ്രതിയുടെ സാന്നിദ്ധ്യത്തില്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ഇവരുടെ കത്തുകള്‍ പലതും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇതിലെ കൈയെഴുത്ത് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പാക്കണം. കേസിന്റെ തുടക്കത്തില്‍ കാര്യക്ഷമമായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ പൊലീസ് കൊല്ലത്തെ ലോഡ്ജ് മുറിയില്‍ നിന്ന് ഷിജുവിനെ പിടികൂടിയതിന് പിന്നാലെ അന്വേഷണത്തില്‍ പിന്നാക്കം പോയെന്നാണ് നാട്ടുകാരുടെ ആരോപണം.

സൂര്യയുടെ കൊലപാതകക്കേസില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിനും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിനും കഴിയാത്ത സാഹചര്യത്തില്‍ ഇതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. കൊലക്കേസ് പ്രതിക്ക് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയും സെല്ലില്‍ വി.ഐ.പി ചികിത്സയും നല്‍കുന്ന ആശുപത്രി അധികൃതര്‍ക്കും പൊലീസ് അധികൃതര്‍ക്കുമെതിരെ സൂര്യയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

Top