ബംഗാള്‍ ഉല്‍ക്കടലില്‍ രൂപംക്കൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ഒഡീഷ തീരത്തെത്തി. ഗോപാല്‍പൂരില്‍ 150 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. സുരക്ഷാ മുന്‍കരുതലായി ഒഡീഷ തീരമേഖലയില്‍ നിന്ന് മൂന്ന് ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു. 165 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
18 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനേത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്ത് മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്. ഒഡിഷയിലും ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരപ്രദേശത്തും കനത്ത മഴയുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പ്. പലയിടത്തും വൈദ്യുതിബന്ധം തകരാറിലായി. ഒഡീഷയിലെ ഗഞ്ചം, ഗജപതി എന്നിവിടങ്ങളിലും ആന്ധ്രയിലെ സ്രീകാകുളത്തും ചുഴലിക്കാറ്റ് നാശം വിതച്ചു. ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിലുള്ള ട്രയിന്‍ സര്‍വീസുകളും റ്ദ്ദാക്കി. കരസേന ഉള്‍പ്പെടെയുള്ള സേനാവിഭാഗങ്ങളോട് തയ്യാറായി നില്‍ക്കാനും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രൈസിസ് മാനേജ്‌മെന്റ് സെല്‍ നിര്‍ദേശം നല്‍കി.
ഒഡീഷ, ആന്ധ്ര, പശ്ചിമ ബംഗാള്‍, മിസോറാം സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപൊക്കവും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. ഒഡീഷയില്‍ വിവിധയിടങ്ങളിലായി 836 ക്യാമ്പുകള്‍ തുറന്നു. തീരപ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിന് സൗകര്യമൊരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശമുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ ചുഴലിക്കാറ്റ് വീശുന്നുണ്ടെങ്കിലും കേരളത്തില്‍ വ്യാപകമായ മഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാകേന്ദ്രം. ഒറ്റപ്പെട്ട മഴ പെയ്യാനിടയുണ്ട്. അറബിക്കടലില്‍ ശക്തമായ കാറ്റു വീശുന്നതിനാല്‍ 14 വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.