ഭുവനേശ്വര്‍: ഒഡീഷയില്‍ കുഴല്‍ കിണറില്‍ വീണ മുന്നുവയസുകാരിയെ ഏഴുമണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തി. അങ്കുള്‍ ജില്ലയിലെ ഗുലാസര്‍ ഗ്രാമത്തിലാണ് സംഭവം. രാധ സാധുവെന്ന കുട്ടിയാണ് കുഴല്‍ക്കിണറില്‍നിന്നു ജീവിതത്തിലേക്ക് അദ്ഭുതകരമായി കരകയറിയത്. ചികില്‍സയില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജമുനാലി പഞ്ചായത്തിലെ ഗുലസാര്‍ സ്വദേശി സന്തോഷ് സാധുവിന്റെ മകളാണ് രാധ. കൂട്ടുകാരുമായി കളിക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് രാധ കുഴല്‍ക്കിണറിലേക്ക് വീണത്. വിവരമറിഞ്ഞ് അഗ്‌നിശമന സേനാംഗങ്ങള്‍ കുതിച്ചെത്തി. കിണറിന്റെ ആറടി അകലെ 15 അടി ആഴത്തില്‍ വലിയ കഴിയുണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
കുഴല്‍ക്കിണറില്‍ അകപ്പെട്ട കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. കുഞ്ഞിന് വലിയ കുഴപ്പമില്ലെന്ന് മനസ്സിലായതോടെ രക്ഷാദൗത്യത്തിന് വേഗം കൂടി. ഏഴ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ വൈകിട്ട് നാലേമുക്കാലോടെയാണ്, കുഴല്‍ക്കിണറില്‍ കുട്ടി കുടുങ്ങിയ ഭാഗത്തേക്ക് വഴിവെട്ടാനായത്. പുറത്തെടുത്ത കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അഭിനന്ദിച്ചു. ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസം വര്‍ധിപ്പിക്കും. രാധ എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പ്രാര്‍ഥിക്കുന്നതായും പട്‌നായിക് കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.