സൈന്യത്തിനും രക്ഷാ പ്രവര്‍ത്തകര്‍ക്കും കയ്യടി..! 48 മണിക്കൂര്‍ പ്രയത്‌നം: കുഴല്‍ക്കിണറില്‍ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി

ഹിസാര്‍: രണ്ട് ദിവസം നീണ്ട ഭഗീരഥ പ്രയത്‌നം, സൈന്യവും നാട്ടുകാരും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷിച്ചത് ഒന്നരവയസുകാരന്റെ ജീവന്‍. 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസുകാരനെ പുറത്തെത്തിച്ചു. ഹരിയാനയിലെ ഹിസാറില്‍ ബുധനാഴ് വൈകിട്ടാണ് കുട്ടി അപകടത്തില്‍പെട്ടത്.

ഒന്നര വയസുകാരനായ നദീം ഖാന്‍ മറ്റുകുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് 68 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. സൈനികരും നാട്ടുകാരും ചേര്‍ന്ന് സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചതായി ഹിസാര്‍ പൊലീസ് അധികൃതര്‍ പറഞ്ഞു. കുട്ടിയെ ആശുപത്രിയിലെത്തിച്ചതായും സുരക്ഷിതമായിരിക്കുന്നുവെന്നും ഹിസാര്‍ ഡി.എസ്.പി.ജോഗീന്ദര്‍ സിംഗ് പറഞ്ഞു.

സുരക്ഷയുടെ ഭാഗമായി കുട്ടിയുടെ ദേഹത്തേക്ക് മണ്ണ് വീഴാതിരിക്കാന്‍ വലിയ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. കുട്ടി കുടുങ്ങിയ കുഴല്‍ക്കിണറിന് സമാന്തരമായി 20 അടി മാറി മറ്റൊരു കുഴി എടുത്തതിന് ശേഷം ടണല്‍ നിര്‍മ്മിച്ച് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.

പ്രത്യേക ക്യാമറ ഉപയോഗിച്ച് കുഴല്‍കിണറിനുള്ളില്‍ കുട്ടിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൂടാതെ കുട്ടിയുടെ ജീവന്‍ നിലനിറുത്തുന്നതിനായി ആഹാരവും ഓക്സിജനും ലഭ്യമാക്കിയിരുന്നു.

റോഡ് നിര്‍മാണ തൊഴിലാളിയാണ് നദീം ഖാന്റെ പിതാവ്. അഞ്ചു കുട്ടികളില്‍ ഏറ്റവും ഇളയകുട്ടിയാണ് നദീം. വീട്ടുകാര്‍ ആദ്യം കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു.

Latest