വെള്ളത്തിനായി ദൂരങ്ങള്‍ താണ്ടി ഒഡീഷയിലെ ഗ്രാമീണ സ്ത്രീകള്‍

മയൂര്‍ബഞ്ച്: ഒഡീഷയില്‍ ചൂട് കനത്തിരിക്കെ ഗ്രാമപ്രദേശങ്ങള്‍ ജലദൗര്‍ലഭ്യത്താല്‍ വലയുകയാണ്. കുടിവെള്ളത്തിനും മറ്റുമായി മൈലുകള്‍ യാത്ര ചെയ്യാന്‍ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ നിര്‍ബന്ധിതരാകുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണെന്ന് ഗ്രാമീണര്‍ പറയുന്നു. കിണറുകളെല്ലാം വറ്റിവരണ്ടു. പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ (പിഎച്ച്ഇഡി) കുടിവെള്ള വിതരണവും അപൂര്‍മായി മാത്രമേ ഉണ്ടാകാറുള്ളൂവെന്നാണ് പരാതി. കുടിവെള്ളം ലഭിക്കുന്നതിനായി പിഎച്ച്ഇഡി ഓഫീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മയൂര്‍ബഞ്ച് ജില്ലയിലെ നാട്ടുകാര്‍ പിഎച്ച്ഇഡി ജൂനിയര്‍ എഞ്ചിനീയര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും പല തവണ തടഞ്ഞുവെച്ചെങ്കിലും ഫലം കണ്ടില്ല. ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് പിഎച്ച്ഇഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സമ്മതിച്ചു. പഴയ പൈപ്പുകള്‍ മാറ്റാത്തതാണ് ജലവിതരണം തടസപ്പെടാന്‍ കാരണം. ഇതിന് പുറമെ ചില സാങ്കേതിക പ്രശ്‌നങ്ങളുമുണ്ട്. അവ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍- എഞ്ചിനീയര്‍ പറഞ്ഞു. പിഎച്ച്ഇഡി ടാങ്കറുകളില്‍ ജലവിതരണം നടത്തുന്നുണ്ട്. ജല ടാങ്കുകള്‍ സ്ഥാപിക്കാനും കുഴല്‍ക്കിണറുകള് കുഴിക്കാനും തീരുമാനിച്ചിട്ടുണ്ട്. പെട്ടെന്ന് കുടിവെള്ളം വിതരണം ചെയ്യാന്‍ യാതൊരു ബദല്‍ മാര്‍ഗവും ഇല്ല. പരാതി ലഭിച്ചയുടന്‍ ഞങ്ങള്‍ വെള്ള ടാങ്കറുകള്‍ അയച്ചിരുന്നു- എഞ്ചിനീയര്‍ കൂട്ടിച്ചേര്‍ത്തു. ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. മയൂര്‍ബഞ്ചില്‍ 41 ഡിഗ്രി സെല്‍ഷ്യസിലേക്കാണ് താപനില താഴ്ന്നത്.വൃത്തിയും സുരക്ഷിതവുമായ വെള്ളം എല്ലാവരിലേക്കും എത്തുന്നതിനായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് ആദിവാസി വികസന കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ദേബാഷിഷ് മാരന്ദി പറഞ്ഞു.

Top