ഭുവനേശ്വര്‍: ട്രെയിനിന്റെ റിസർവ്ഡ് കോച്ചിലും ജനറൽ കമ്പാർട്ട്മെന്റുപോലെ യാത്രക്കാരാൽ തിങ്ങിനിറഞ്ഞിരുന്നുവെന്ന് പരിക്കുകളോടെ രക്ഷപ്പെട്ട യാത്രികൻ. അപകടം നടന്ന ഉടന്‍ കോച്ച് മറിയുകയായിരുന്നു. കണ്ണുതുറന്നുനോക്കുമ്പോൾ 10-15 പേർ തന്റെ മുകളിൽ കിടക്കുന്നുവെന്നും എങ്ങും നിലവിളികൾ മാത്രമായിരുന്നുവെന്നും യാത്രക്കാരൻ പറഞ്ഞു. മുഖം തകർന്നവരും കാലും കൈകളും നഷ്ടപ്പെട്ടവരുമായ ഒട്ടേറെ പേരെ കണ്ടുവെന്നും യാത്രക്കാരനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ ബാധിക്കപ്പെട്ടവര്‍ പുറത്തേക്ക് അറിയുന്നതിലും എത്രയോ മുകളിലായിരിക്കുമെന്ന് അപകടത്തില്‍ രക്ഷപ്പെട്ട യുവാവ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇയാള്‍ ഇക്കാര്യം അറിയിച്ചത്. താന്‍ കണ്ട കാഴ്ച്ചകള്‍ അതിദാരുണമായിരുന്നുവെന്ന് ഇയാള്‍ പറയുന്നു.
ഇരുന്നൂറോളം മൃതദേഹങ്ങള്‍ താന്‍ കണ്ടു. പല കുടുംബങ്ങളും ഞെരിഞ്ഞമര്‍ന്നത് പോലെയായിരുന്നു. പലരുടെയും കൈകാലുകള്‍ അറ്റുപോയിരുന്നു. ട്രെയിനിലാകെ രക്തം തളം കെട്ടി നില്‍ക്കുകയായിരുന്നു. ഇങ്ങനൊരു കാഴ്ച്ച താന്‍ ഒരിക്കലും മറക്കില്ലെന്നും’ കോറമണ്ഡല്‍ എക്‌സ്പ്രസിലെ യാത്രക്കാരനായ അനുഭവ് ദാസ് കുറിച്ചു. ഇയാള്‍ ഹൗറയില്‍ നിന്ന് ചെന്നൈയ്ക്കുള്ള യാത്രയ്ക്കായിട്ടായിരുന്നു ട്രെയിനില്‍ കയറിയത്.
ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടതില്‍ ആരോടൊക്കെ നന്ദി പറയണമെന്ന് അറിയില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അകടങ്ങളില്‍ ഇതും വരുമെന്നും’ യുവാവ് കുറിച്ചു. മൂന്ന് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് വലിയ അപകമുണ്ടായത്.
കോറമണ്ഡല്‍ എക്‌സ്പ്രസ് നിര്‍ത്തിയിട്ട ട്രെയിനില്‍ ഇടിച്ചുകയറുകയായിരുന്നു. യശ്വന്ത്പൂര്‍ എക്പ്രസില്‍ 13 കോച്ചുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. എ ത്രീ ടൈയര്‍, എസി 2 ടയര്‍ എന്നിവ പൂര്‍ണമായും തകര്‍ന്നുവെന്നും അനുഭവ് ദാസ് പറഞ്ഞു. ‘ആ കാഴ്ച്ച തന്റെ മനസ്സ് തകര്‍ക്കുന്നതാണ്. 250 പേരെങ്കിലും മരിച്ച് കിടക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. പുറത്തെത്തിയ ഉടനെ നിരവധി പേരാണ് സഹായിക്കാന്‍ എത്തിയത്. പലരും അതിന് സന്നദ്ധരായി മുന്നോട്ട് വന്നു. അതേസമയം താന്‍ സുരക്ഷിതനായി വീട്ടിലെത്തി. തനിക്ക് പരിക്കുകള്‍ ഒന്നുമില്ല.പോലീസും, ആംബുലന്‍സും, എന്‍ഡിആര്‍എഫ് ടീമുകളും അപകടസ്ഥലത്തുണ്ട്. ഞാന്‍ അവിടെ നിന്നും സുരക്ഷിതമായി വീട്ടിലെത്തി. എല്ലാവരോടും നന്ദിയുണ്ടെന്നും’ ദാസ് കുറിച്ചു.
അതേസമയം അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ നിരവധി പേരാണ് രക്തം ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചെത്തിയിരിക്കുന്നത്. ഇവര്‍ ബാലസോറിലെ ആശുപത്രിയില്‍ ക്യൂ നില്‍ക്കുകയാണ്. പോലീസുകാരും ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. നിരവധി ആശുപത്രികളില്‍ ഇവര്‍ രക്തം ദാനം ചെയ്യുന്നുണ്ട്. അതേസമയം അപകടത്തില്‍പ്പെട്ടവരില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളും ഉണ്ടായിരുന്നു. ഇവരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ചന്ദ്രകോണയിലെ വീടുകളിലേക്ക് മടങ്ങി. നിതായ് ദലോയ്, കാര്‍ത്തിക് ദോലൂയി, ശീതള്‍ ദോലൂയി, എന്നിവര്‍ ചെന്നൈയിലെ പെയിന്റിംഗ് തൊഴിലാളികളായിരുന്നു.
ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രെയിനില്‍ അപകടമുണ്ടായത്. സംഭവസ്ഥലത്ത് 200 ആംബുലന്‍സുകള്‍, 50 ബസ്സുകള്‍, 45 മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍ എന്നിവ സജ്ജമായി നിര്‍ത്തിയിട്ടുണ്ട്. 1200 ദുരന്ത നിവാര സംഘത്തെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ട്രാക്ടറുകളില്‍ അടക്കം മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുന്നുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.