കാബൂള്‍: താലിബാനെ പൂര്‍ണമായും തള്ളാതെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് പ്രഖ്യാപിച്ച ഒഐസി യോഗം, അഫ്ഗാന്റെ ഭാവി നേതാക്കള്‍ തീവ്രവാദ കേന്ദ്രമാക്കാന്‍ രാജ്യത്തെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. അതേസമയം, അഫ്ഗാനിലെ എല്ലാ പ്രദേശങ്ങളിലും സമാധാനമുണ്ടെങ്കിലും കാബൂള്‍ വിമാനത്താവളത്തിലാണ് പ്രതിസന്ധിയെന്ന് താലിബാന്‍ പ്രതികരിച്ചു. അമേരിക്കയാണ് കാബൂള്‍ വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ വീഴ്ചയാണ് വിമാനത്താവളത്തിലെ കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ കാരണമെന്നും താലിബാന്‍ കുറ്റപ്പെടുത്തി. കാബൂളില്‍ നടന്ന സംഭവങ്ങളില്‍ അന്വേഷണം നടത്തുമെന്നും താലിബാന്‍ അറിയിച്ചു.
അഫ്ഗാനെ തീവ്രവാദ കേന്ദ്രമാകാന്‍ അനുവദിക്കരുത്. അഫ്ഗാന്റെ ഭാവി നേതാക്കള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അഫ്ഗാന്‍ നേതാക്കളും അന്താരാഷ്ട്ര സമൂഹവും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. തീവ്രവാദ സംഘങ്ങള്‍ക്ക് അഫ്ഗാനില്‍ ഇടം നല്‍കരുത് എന്നും ഒഐസി ഇറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ മുന്‍കൈ എടുത്ത് വിളിച്ചതായിരുന്നു ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ യോഗം. പ്രത്യേകിച്ച് അധികാരമോ നടപടിയെടുക്കാനുള്ള ശേഷിയോ ഇല്ലാത്ത സംഘടനയാണ് ഒഐസി. എങ്കിലും മുസ്ലിം രാജ്യങ്ങളില്‍ നടക്കുന്ന വിഷയങ്ങള്‍ സംഘടന ചര്‍ച്ച ചെയ്യുകയും നിലപാട് വ്യക്തമാക്കുകയും ചെയ്യാറുണ്ട്.
അതേസമയം, അഫ്ഗാന്‍ വിമാനത്താവളത്തില്‍ തിക്കിലും തിരക്കിലും ആളുകള്‍ മരിക്കാനിടയാക്കിയ സംഭവത്തിന് ഉത്തരവാദി അമേരിക്കന്‍ സൈന്യമാണ് എന്ന് താലിബാന്‍ ആരോപിച്ചു. ഹാമിദ് കര്‍സായി വിമാനത്താവളത്തിലുണ്ടായ അനിഷ്ട സംഭവങ്ങളിലാണ് അമേരിക്കയെ കുറ്റപ്പെടുത്തി താലിബാന്‍ രംഗത്തുവന്നത്. ഇന്ന് ഏഴ് പേരാണ് തിരക്കില്‍പ്പെട്ട് മരിച്ചത്. നേരത്തെയും മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ അമേരിക്കയ്ക്ക് വന്ന വീഴ്ചയാണ് കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയതെന്ന് താലിബാന്‍ നേതാവ് ആമിര്‍ ഖാന്‍ മുത്തഖി എഎഫ്പിയോട് പറഞ്ഞു.
അഫ്ഗാനിലെ എല്ലാ സ്ഥലങ്ങളും സമാധാനത്തിലേക്ക് നീങ്ങുകയാണ്. കാബൂളിലെ വിമാനത്താവളത്തില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍. ഇതിന് കാരണം അമേരിക്കന്‍ സൈന്യത്തിന്റെ വീഴ്ചയാണെന്നും താലിബാന്‍ കുറ്റപ്പെടുത്തി. അതേസമയം, കാബൂള്‍ വിമാനത്താവളത്തിലെ സംഭവങ്ങള്‍ ഏവരെയും കരളലിയിപ്പിക്കുന്നതാണ്. രക്ഷപ്പെടാന്‍ വേണ്ടി സഹായം അഭ്യര്‍ഥിച്ച് നിരവധി പേരാണ് വിമാനത്താവളത്തില്‍ കഴിയുന്നത്. സ്ത്രീകളും കൊച്ചു കുട്ടികളും വരെ ഇതിലുണ്ട്. ഇവര്‍ക്ക് വെള്ളവും ഭക്ഷണവും പോലും ദിവസങ്ങളായി ലഭിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.