പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ കാക്കി നിക്കറിലാണ് ആ മനസ്സ് ഉല്ലസിച്ചുകൊണ്ടിരിക്കുന്നത്. മോദിക്ക് ഇപ്പോഴും സംഘ്പരിവാര്‍ പ്രചാരകന്റെ മനസ്സാണ്. പ്രധാനമന്ത്രി എന്ന ഭരണഘടന പദവിയോട് തെല്ലെങ്കിലും മാന്യത പുലര്‍ത്തുന്നുണ്ടെങ്കില്‍ ശബരിമലയില്‍ സംഘ്പരിവാറുകാര്‍ നടത്തിയ കോപ്രായങ്ങള്‍ തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം കാണിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബെഫി) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇടതു സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചായിരുന്നു കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ പ്രസംഗം.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശബരിമല വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിയെന്ന പദവിയോട് മാന്യത പുലര്‍ത്തുന്നുണ്ടെങ്കില്‍ തന്റെ അനുയായികള്‍ കാണിച്ച കോപ്രായങ്ങള്‍ തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം കാണിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നത് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വലിയ ആക്രമണം നേരിടുകയാണെന്നും അത് സംരക്ഷിക്കാനെത്തിയ ദൈവദൂതനെപ്പോലെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഇവിടെ സുപ്രീം കോടതി വിധി പ്രകാരമെത്തിയ സ്ത്രീകളെ ശബരിമലിയല്‍ അക്രമിക്കുകയായിരുന്നു ചെയ്തത്.
രാജ്യത്തെ ഭരണാധികാരിയെന്ന നിലക്ക് ആ അതിക്രമങ്ങളെ പ്രധാനമന്ത്രി അപലപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു. അതേസമയം, വസ്തുതാ വിരുദ്ധമായ കാര്യം പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ സംഘടിത ആക്രമണത്തിന് നേതൃത്വം കൊടുക്കാനാണ് മോദി തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രിയെ നേരിട്ട് ഇറക്കുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു.