ന്യൂഡല്‍ഹി: തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി ലംഘിക്കുന്നതിനെതിരെ സമരത്തിനിറങ്ങുകയാണ് രാജ്യത്തെ ഓണ്‍ലൈന്‍ ടാക്‌സികളായ ഓല, യൂബര്‍ എന്നിവയുടെ ഡ്രൈവര്‍മാര്‍. മാനേജ്‌മെന്റ് വാഗ്ദാനം ലംഘിക്കുന്നതായാണ് ഇവരുടെ പരാതി. ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്കുമെന്നാണ് ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ നഗരങ്ങളിലെ ഓല യൂബര്‍ ഡ്രൈവര്‍മാണ് സമരത്തിനിറങ്ങുന്നത്.
നഷ്ടം സഹിച്ച് മുന്നോട്ടുപോകാന് കഴിയില്ലെന്ന് ഡ്രൈവര്‍മാര്‍ വ്യക്തമാക്കുന്നു. മുംബൈ, ന്യൂഡല്‍ഹി, ബംഗലൂരു, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ ഡ്രൈവരമാരാണ് സമരരംഗത്തേയ്ക്ക് നീങ്ങുന്നത്. കേരളത്തിലെ ഡ്രൈവര്‍മാര്‍ സമരത്തിന് പിന്തുണ നല്‍കിയതായി വ്യക്തമല്ല.
നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് തങ്ങളെ ഈ മേഖലയിലേക്ക് കമ്പനികള്‍ ആകര്‍ഷിച്ചതെന്ന് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. ഓണ്‍ലൈന്‍ സര്‍വീസില്‍ എത്തുന്നതിന്റെ ഭാഗമായി അഞ്ചുമുതല് ഏഴു ലക്ഷം രൂപ വരെയാണ് ഓരോ ഡ്രൈവര്‍മാര്‍ ചെലവഴിച്ചത്. പ്രതിമാസം ഒന്നരലക്ഷം രൂപവരെ വരുമാനം ലഭിക്കുമെന്ന് കമ്പനികള്‍ പറഞ്ഞ് മോഹിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്രയും തുക മുടക്കിയത്. എന്നാല്‍ ഇതിന്റെ പകുതി പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. കമ്പനികളുടെ ദുര്‍ഭരണമാണ് ഇതിന് കാരണമെന്ന് മഹാരാഷ്ട്ര നവ്‌നിര്‍മ്മാണ് വഹദുക് സേന നേതാവ് സഞ്ജയ് നായിക് കുറ്റപ്പെടുത്തുന്നു.
ഇത്തരം കമ്പനികള്‍ അവരുടെ ഉടമസ്ഥതയിലുളള കാറുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഡ്രൈവര്‍മാരുടെ ഉടമസ്ഥതയിലുളള കാറുകളോട് ഇരട്ടത്താപ്പ് നയമാണ് കമ്പനികള്‍ സ്വീകരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിച്ചില്ലായെങ്കില്‍ ശക്തമായ സമരം നടത്താനാണ് ഡ്രൈവര്‍മാരുടെ നീക്കം.