പട്ടികവർഗക്കാരൻ ആണോ ?ശർക്കര വാങ്ങിയാലും തല്ലിക്കൊല്ലാം.പാർട്ടി ഗ്രാമത്തിൽ തമ്പാന്റെ മരണം അന്വേഷിക്കാത്തത് സി.പി.എം സമ്മർദ്ദത്താലെന്ന് ആരോപണം.

ചെറുവത്തുർ :പട്ടികവർഗക്കാരനാണോ? എങ്കിൽ ശർക്കര വാങ്ങുമ്പോൾ സൂക്ഷിക്കുക; ചിലപ്പോൾ പ്രബുദ്ധരായ മലയാളികൾ നിങ്ങൾ തല്ലിക്കൊന്നേക്കാം, ഒരു പുഴുത്ത പട്ടിയെപ്പോലെ.. ഈ നാട്ടിൽ കൂര കെട്ടി താമസിക്കാൻ സമ്മതിക്കുന്നതു തന്നെ വലിയ കാര്യം.പട്ടികജാതിക്കാർ ശർക്കര വാങ്ങിക്കുന്നത് കള്ളവാറ്റുണ്ടാക്കാനാണത്രേ. ഒരു തുള്ളി വിദേശമദ്യത്തിനായി Bevq ആപ്പിൽ ടോക്കൺ കിട്ടാനായി തല കുത്തി മറിയുന്ന നാട്ടിൽ ഇതൊക്കെ തല്ലിക്കൊല്ലേണ്ട അപരാധം തന്നെയല്ലേ? നിങ്ങൾക്കുള്ള ശിക്ഷ ഞങ്ങൾ വിധിച്ചോളാം.

ഒന്നു രണ്ടാഴ്ചകൾക്ക് മുമ്പ് പത്രങ്ങളിൽ അധികമാരുടെയും കണ്ണിൽ പ്പെടാത്ത ഒരു വാർത്തയുണ്ടായിരുന്നു. കാസർകോട്ട് ചെറുവത്തൂർ എന്ന സ്ഥലത്തെ ഓലാട്ട് കോളനിയിൽ തമ്പാൻ എന്നൊരാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു എന്നായിരുന്നു ആ വാർത്ത. തമ്പാൻ ഒരു കിലോ ശർക്കര വാങ്ങിയതാണ് പ്രശ്നമായത്. കള്ളവാറ്റുണ്ടാക്കാനായിരുന്നുവത്രേ. അതിന്റെ പേരിൽ ഒരു പ്രാദേശിക നേതാവ് മർദ്ദിച്ചതിനെ തുടർന്നാണ് തമ്പാൻ മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജന്മിത്തത്തിനെതിരെ, അയിത്തത്തിനെതിരെയൊക്കെ കാഹളമുയർന്ന നാടാണ്… പാർട്ടി ഗ്രാമത്തിന്റെ ഭാഗം. ആരോപണ വിധേയനായിരിക്കുന്നതും അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാവ്. അതും അധ്യാപകൻ. ഇപ്പോൾ വാർത്തയാകുന്നത് പ്രതിപക്ഷ പാർട്ടികൾ മരണത്തിലെ ദുരുഹത നീക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ടുവന്നപ്പോഴാണ്. അധികാരക്കസേരകളിൽ ഇരിക്കുന്നവരുടെ കൊടിയുടെ നിറം മാറാം. അപ്പോഴും ഇത്തരം മരണങ്ങൾ ആവർത്തിക്കാം. അപ്പോഴത്തെ അധികാരക്കസേരയിൽ ഇരിക്കുന്നവർക്കെതിരെ പ്രതിപക്ഷം രംഗത്തുവരും. തനിയാവർത്തനം. അപ്പോഴും മാറാത്തതായി ഒന്നേ ഉണ്ടാവൂ… പട്ടികജാതിക്കാരനാണോ! കൊല്ലപ്പെടേണ്ടവനാണെന്ന പൊതുധാരണ.

അയാൾ ശർക്കര വാങ്ങിയത് പായസം വയ്ക്കാൻ ആയ്ക്കൂടേ , അല്ലെങ്കിൽ കോരി ചെരിയുന്ന മഴയത്ത് ചുക്ക് കാപ്പി വച്ച് കുടിക്കാനായ്ക്കൂടേ എന്നൊന്നും ചോദ്യമില്ല…ചോദിക്കാൻ പാടില്ല. കാരണം അയാൾ പ്രിവിലേജുകൾ ഇല്ലാത്തവനാണ്.

ലോക് ഡൗൺ കാലത്ത് കോളനികൾ കേന്ദ്രീകരിച്ച് കള്ളവാറ്റ് സജീവമാണത്രേ… ഇതറിഞ്ഞതോടെ നാടു നന്നായിക്കാണാൻ ആഗ്രഹിക്കുന്നവർ ഉണർന്നു. ജാഗ്രതാ സമിതികൾ… ബോധവൽക്കരണം… ബോധവൽക്കരിച്ചിട്ടും കാര്യമില്ലെങ്കിൽ പിന്നെ ഒന്നും നോക്കണ്ട. തല്ലിക്കൊല്ലണം.

തമ്പാന്റെ കുടിലിന്റെ ദൃശ്യങ്ങൾ കണ്ടോ? ആ വീട്ടിൽ താമസിക്കുന്നവനെ ബോധവൽക്കരിക്കാൻ പോയത്രെ ? ഒരു നേരത്തെ ആഹാരം തികച്ചില്ലാത്തവനെ എങ്ങനെയായിരിക്കും ബോ‌ധവൽക്കരിച്ചിട്ടുണ്ടാവുക!!

എന്തൊക്കെ ആക്ഷേപങ്ങൾ ഉണ്ടായാലും കള്ളവാറ്റിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമത്രേ. നയം വ്യക്തമാക്കിയിട്ടുണ്ട്. ശർക്കര വാങ്ങാൻ പോകുന്ന കോളനിക്കാർ സൂക്ഷിക്കുക. ശർക്കര തിന്നാൻ അത്രയും കൊതിയുള്ളവർ, വിജയം ആഘോഷിക്കാൻ പാർട്ടിക്കാർ തെരുവിൽപായസം വച്ച് വിതരണം ചെയ്യുമ്പോൾ വാങ്ങിക്കഴിക്കാം. കണ്ടോ ! ഞങ്ങൾ എത്ര ഉദാര മനസ്കരാണ്. ആ ഞങ്ങളെയാണ് കൊലപാതകികൾ എന്നാക്ഷേപിക്കുന്നത്.

ബിബിസി വരെ മലയാളികളുടെ പ്രബുദ്ധതയെയും നേട്ടങ്ങളെയും വാരിക്കോരി പ്രശംസിച്ചു കൊണ്ടിരിക്കുന്നത് കാണുന്നില്ലേ? അതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങിയാപ്പോരേ! ചൊറിച്ചിലാണ് ചിലർക്ക്.

കക്ക നീറ്റി ചുണ്ണാമ്പ് ഉണ്ടാക്കി വിറ്റാണ് തമ്പാൻ ജീവിച്ചിരുന്നത്. സ്വന്തമെന്നവകാശപ്പെടാൻ ഭാര്യയും കുറേ പ്രാരാബ്ധങ്ങളും. പാർട്ടി പ്രവർത്തകൻ ആയിരുന്നുവത്രേ. പാർട്ടി നടത്തുന്ന ചിട്ടിയിൽ നിന്നുള്ള ഒന്നര ലക്ഷം രൂപ മർദിച്ചുവെന്ന് പറയുന്ന ആൾ തട്ടിയെടുക്കാൻ നോക്കിയെന്നും ആരോപണമുണ്ട്. ഇപ്പോൾ നമ്മളുടെ മനസ്സിൽ eചാദ്യമുയരാം. പാവപ്പെട്ടവനാണ്, കോളനിക്കാരനാണെന്ന് പറഞ്ഞിട്ട് ഒന്നര ലക്ഷം രൂപ സമ്പാദ്യമോ ! മഹാ അപരാധം… പട്ടികജാതിക്കാരനോ ! സമ്പാദിക്കാൻ പാടില്ല. ചോര നീരാക്കി അവനവൻ ഉണ്ടാക്കുന്നതിലൊന്നും അവകാശം പറയാൻ പാടില്ല. ഓച്ഛാനിച്ച് നിൽക്കണം. ഇടയ്ക്കിടെ മനസിൽ പറഞ്ഞു പഠിപ്പിക്കണം. പ്രിവിലേജുകൾ ഇല്ലാ എന്ന്. ഒരു പത്രത്തിലും ചാനലിലും ചർച്ചയാവില്ല. ഒരു മധുവിന് ചർച്ചയുടെ ഭാഗമാകാൻ കുറച്ച് ഭാഗ്യം കിട്ടി എന്നു വച്ച് എപ്പോഴും ആ ഔദാര്യം പ്രതീക്ഷിക്കരുത്. വാർത്ത ളുടെ പെരുമഴക്കാലത്ത് ഒരു കോളമെങ്കിലും മാറ്റി വച്ചില്ലേ, വലിയ കാര്യമല്ലേ.. തൊണ്ട പൊട്ടി വിളിച്ചിട്ടും കാര്യമില്ലെന്നറിയാം. കാരണക്കാർ ആരായാലും ഊരിപ്പോരുമെന്നറിയാം. ഇനിയും തമ്പാൻമാരുണ്ടാകും. പത്രത്തിലെ ഒരു കോളത്തിൽപ്പോലും ഇടം നേടാത്ത തമ്പാൻമാർ…എന്നാലും ഞങ്ങൾ നാടു നന്നാക്കുന്നത് തുടരുക തന്നെ ചെയ്യും…

Top