ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജാതി മത സംഘടനകള്‍ക്ക് സൗജന്യമായി നല്‍കിയത് ഏക്കറുകണക്കിന് ഭൂമി

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് ജാതിമതസമുദായ ശക്തികള്‍ക്ക് തിറെഴുതിയത് ഏക്കറുകണക്കിന് ഭൂമി. ഭരണത്തിന്റെ അവസാന കാലത്ത് യഥേഷ്ടം ഭൂമി മത, സാമുദായിക സംഘടനകള്‍ക്ക് സൗജന്യമായി പതിച്ചു നല്‍കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ഈ പതിച്ചു കൊടുക്കലിന്റെ വിവരങ്ങള്‍ പുറത്തുവന്നു.

ഇടതു സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സാമുദായിക പ്രീണനത്തിനു വേണ്ടി നിയമവിരുദ്ധമായി ഭൂമി പതിച്ചു നല്‍കിയെന്ന കണ്ടെത്തല്‍ നടത്തിയത്.സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഒറ്റ ദിവസം കൊണ്ടാണ് ഈ തീരുമാനങ്ങളെല്ലാമെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗജന്യമായി ഭൂമി നല്‍കാന്‍ നിയമപ്രകാരം കഴിയില്ല എന്നിരിക്കെ തന്നെ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തിയാണ് മന്ത്രിസഭാ തീരുമാനം കൈക്കൊണ്ടത്. ഇക്കാര്യത്തില്‍ ഗുരതരമായ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്. 2016 ഫെബ്രുവരി 24 നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട 10 സ്ഥാപനങ്ങള്‍ക്കും എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് സംഘടനകള്‍ക്കുമാണ് ഭൂമി നല്‍കിയത്.

റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്റെ ജില്ലയായ പത്തനംതിട്ടയിലാണ് ഇത്തരത്തില്‍ മുഴുവന്‍ ഭൂമിയും നല്‍കിയിട്ടുള്ളത്. കോന്നി താലൂക്കിലെ തണ്ണിത്തോട് ബഥേല്‍ മാര്‍ത്തോമ സഭയക്ക് 78.01 ആര്‍ ഭൂമിയും, സെന്റ്‌ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് 71.85 ആര്‍ ഭൂമിയും കരിമാന്‍തോട് മലങ്കര കാത്തോലിക്കാ പള്ളിക്ക് 40.01 ആര്‍ ഭൂമിയും മണ്ണീറ മലങ്കര കാത്തോലിക്കാ പള്ളി 1.58 ഹെക്ടര്‍ ഭൂമിയുമാണ് സൗജന്യമായി നല്‍കിയത്.

തണ്ണിത്തോട് സെന്റ് ആന്റണീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി 1.267 ഹെക്ടറും സെന്റ് തോമസ് സ്‌കൂളിന് 10.60 ആര്‍ ഭൂമിയും നല്‍കി. കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനത്തിന് 164.54 ആര്‍ ഭൂമിയും സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിന് 66 ആര്‍ ഭൂമിയും അടൂര്‍ എന്‍.എസ്.എസ് യൂണിയനു 500 സെന്റും തണ്ണിത്തോട് എസ്.എന്‍.ഡി.പി ശാഖായോഗത്തിന് 40.47 ആര്‍ ഭൂമിയും കുന്നംകുളം എസ്.എന്‍.ഡി.പി ശാഖായോഗത്തിന് 0.658 ഹെക്ടറും ചീറ്റാര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിനു 1.75 ആര്‍ ഭൂമിയും ദേശീയ മഹിളാ സമാജത്തിന് 0.40 ഏക്കര്‍ ഭൂമിയുമാണ് നല്‍കാന്‍ തീരുമാനമെടുത്തത്.

കേരള ഭൂമി പതിവ് നിയമം അനുസരിച്ച് മുഖവില വാങ്ങിയശേഷം ഭൂമി നല്‍കുകയോ ദീര്‍ഘകാല പാട്ടത്തിനു നല്‍കുകയോ ചെയ്യാന്‍ മാത്രമേ കഴിയുകയുള്ളൂ. സൗജന്യമായി പതിച്ചു നല്‍കാന്‍ ഒരു തരത്തിലും കഴിയില്ല. സൗജന്യമായി ഭൂമി നല്‍കാനുള്ള തീരുമാനങ്ങളെല്ലാം പുനഃപരിശോധിക്കേണ്ടതാണെന്നും മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മൂന്നാര്‍ അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് യുഡിഎഫ് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയുടെ വിവരങ്ങളും പുറത്തുവന്നത്. ഇതോടെ സര്‍ക്കാറിനെ ആക്രമിക്കാതെ സമാവായ പാതയിലേക്ക് പ്രതിപക്ഷവും നീങ്ങുമെന്നാണ് വിലയിരുത്തല്‍.

Top