സര്‍ക്കാരിന്റെ ഓണാഘോഷം ഉപേക്ഷിച്ചു; പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 8,316 കോടിയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി…

തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം വിവിധ ജില്ലകളിൽ സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ഉപേക്ഷിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തുണ്ടായ കാലവർഷക്കെടുതിയിൽ ജനങ്ങള്‍  ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ആഘോഷങ്ങൾക്ക് ചെലവിടുന്ന തുക ദുരിതാശ്വാസത്തിനായി ഉപയോഗിക്കും.

ഓണാഘോഷം ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫും നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിവിധ ജില്ലകളിലെ ഓണാഘോഷപരിപാടികൾക്ക് 35 കോടിയോളം രൂപ വിനോദസഞ്ചാര വകുപ്പ് ചെലവിടുന്നുണ്ട്. കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ദുരിതവും കണക്കിലെടുത്ത് ആലപ്പുഴയിൽ നടക്കേണ്ടിയിരുന്ന നെഹ്‌റുട്രോഫി വള്ളം കളി മാറ്റിവച്ചിരുന്നു.  എന്നാൽ, വള്ളംകളി പൂർണമായി മാറ്റിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യം മെച്ചപ്പെട്ട ശേഷം വള്ളംകളി നടത്തുന്ന കാര്യം ആലോചിക്കുമെന്നും പിണറായി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെഹ്‌റുട്രോഫി അടക്കം സംസ്ഥാനത്തെ വള്ളംകളികൾ ഉൾപ്പെടുത്തി പ്രത്യേക ലീഗ് മത്സരം നടത്താനായിരുന്നു വിനോദസഞ്ചാരവകുപ്പ് തീരുമാനിച്ചിരുന്നത്. കുട്ടനാട് സാധാരണ നിലയിലാകുന്നതോടെ അടുത്തമാസം വള്ളംകളി നടത്താനുള്ള ആലോചനകളുണ്ട്. അതേസമയം പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 8,316 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. 38 പേര്‍ മരിച്ചു. നാല് പേരെ കാണാതായി. ഇപ്പോഴത്തേത് ഏറ്റവും വലിയ കാലര്‍ഷക്കെടുതിയാണ്. 10,000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു.

20,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരാതികളില്ലാതെ നടത്താന്‍ സാധിച്ചു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇടപെട്ടു. സഹായിച്ചു.  മഴക്കെടുതി വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top