തിരുവോണം അടുത്തെത്തുമ്പോള്‍ കച്ചവടക്കാര്‍ ഗുണ്ടല്‍പേട്ടിലേക്കൊരു പോക്കാണ്.. പിച്ചിയും മുല്ലയും ജമന്തിയും ചെണ്ടുമല്ലിയും കോഴിവാലനുമെല്ലാം അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് ഒഴുകിയെത്തു. പിന്നീട്, നാടും നഗരവും പൂക്കള്‍ കൊണ്ട് നിറയും. എങ്ങും വ്യത്യസ്തനിറത്തില്‍ ഓണത്തെ വരവേറ്റ് പൂക്കളും മാര്‍ക്കറ്റും ഒരുങ്ങും.
ഇത്തവണയും ഒട്ടും പിന്നോട്ടല്ല, പൂക്കള്‍ക്ക് എത്ര വില കൂടിയാലും വാങ്ങാന്‍ ആളുണ്ട്. പൊന്നും വില കൊടുത്ത് വ്യത്യസ്ത നിറത്തിലുള്ള പൂക്കള്‍ വാങ്ങാനുള്ള തിരക്കാണ് എങ്ങും. എന്നാല്‍, പൂക്കള്‍ അന്വേഷിച്ച് കച്ചവടക്കാര്‍ക്ക് കേരള അതിര്‍ത്തി കടന്നേ മതിയാകൂ. അതിന് പറ്റിയ ഇടം ഗുണ്ടല്‍പേട്ട് തന്നെ. പൂക്കളുള്ള പാടങ്ങള്‍ അന്വേഷിച്ച് ചെന്നാല്‍ എത്തിപ്പെടുക ഇതുപോലെ കര്‍ണ്ണാടകയിലെയോ തമിഴ്നാട്ടിലെയോ ഗ്രാമങ്ങളിലാണ്.
അതിര്‍ത്തി കടന്നാല്‍ പിന്നെ വിശാലമായ പൂപ്പാടങ്ങള്‍.. ദേശീയപാതയ്ക്ക് ഇരു വശവും നീലഗിരി മലകളെ തൊട്ടൊരുമി കിടക്കുന്നു. ഓറഞ്ചും മഞ്ഞയും നിറങ്ങളിലുള്ള ചെണ്ടുമല്ലിപ്പൂക്കള്‍. സൂര്യകാന്തിപ്പാടങ്ങള്‍. മഞ്ഞപട്ടു പരവതാനി വിരിച്ചതുപോലെ കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്നു. ചില പൂപ്പാടങ്ങളില്‍ വിളവെടുപ്പ് കാലമാണ്. ഓണക്കാലത്ത് കേരളീയരുടെ മുറ്റം അലങ്കരിക്കുവാനുള്ള അധ്വാനത്തില്‍ ഈ പാവങ്ങളും നല്ലൊരു പങ്ക് വഹിക്കുന്നു.
മദൂര്‍, കനേലു, ബേരാബാടി, ചെന്നമല്ലിപുരം, ഒങ്കളി, ബീമന്‍ ബീഡ് അങ്ങനെ പോകുന്നു പൂക്കളുടെ കൃഷിക്ക് പ്രധാന്യമുള്ള ഗ്രാമങ്ങള്‍. ഓണചന്തകളിലേക്കും ചില കമ്പിനികള്‍ക് വേണ്ടി വ്യവസായിക അടിസ്ഥാനത്തിലും ഇവിടെ പൂക്കള്‍ കൃഷി ചെയ്യാറുണ്ട്. നിരവധി ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കു ലൊക്കേഷന്‍ ആയ ഗുണ്ടല്‍പേട്ട് പ്രകൃതിസ്നേഹികളായ സഞ്ചാരികളുടെ പ്രിയ ഇടം തന്നെ