‘സ്വപ്‌ന’പദ്ധതി പൊളിഞ്ഞിട്ട് ഒരു വർഷം: അഞ്ച് കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് അന്വേഷണം നടത്തുന്ന സ്വർണ്ണക്കടത്ത് കേസിന്റെ നാൾവഴികൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ഒന്നാം പിണറായി സർക്കാരിനെ അവസാന ഘടത്തിൽ പിടിച്ചുലയ്ക്കുകയും ചെയ്ത കേസ് ആയിരുന്നു സ്വർണ്ണക്കടത്ത് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറെ വിവാദമായ സ്വർണ്ണക്കടത്ത് കേസിന് ഇന്ന് ഒരുവർഷം തികഞ്ഞു. ഒരുവർഷമായിട്ടും അഞ്ച് കേന്ദ്ര ഏജൻസികളാണ് സംസ്ഥാനത്ത് അന്വേഷണം നടത്തുന്നത്. കേസിൽ അറസ്റ്റിലും സസ്‌പെൻഷനിലുമായ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെൻഷൻ 16ന് തീരും.

അടുത്ത മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. ശിക്ഷിക്കപ്പെടുകയോ, ഗുരുതരമായ കുറ്റങ്ങൾ ആരോപിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിന് സർവീസിലേക്ക് തിരിച്ചെത്താനുമുള്ള സാധ്യതയും ഏറെയാണ്.

യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ 30 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയതോടെയാണ് സ്വർണ്ണക്കടത്ത് കേസിന്റെ തുടക്കം. നികുതിവെട്ടിപ്പിൽ തുടങ്ങിയ കേസിൽ സർക്കാരിലെ വമ്പൻമാർ ഉൾപ്പടെ ഇടപെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെ വിവാദമായി.

മുഖ്യമന്ത്രിക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ആരോപണം ബി.ജെ.പി.യും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചപ്പോൾ കേസിന് രാഷ്ട്രീയ മാനവും കൈ വന്നു. കേസിന്റെ ഒരു ഘട്ടത്തിൽ അന്വേഷണം വഴിതെറ്റുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആക്ഷേപമുന്നയിച്ചു.

കോൺസുലേറ്റിലെ മുൻ പിആർഒ ആയ പി.എസ് സരിത്താണ് ആദ്യം അറസ്റ്റിലായത്. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്രനിർദ്ദേശത്തോടെ ജൂലൈ 10ന് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.

കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബംഗളൂരുവിൽ നിന്ന് പിടികൂടി. പ്രതികളുടെ കള്ളപ്പണ ഇടപാട് അന്വേഷണത്തിന് ഇഡിയും കേസെടുത്തു. പത്തോളം പേരെ കസ്റ്റംസ് അറസ്റ്റുചെയ്തു. നിരവധി കേസുകളിൽ പ്രതിയായ കെ.ടി റമീസ്, വിദേശത്തുള്ള മുഖ്യപ്രതിയെന്ന് കരുതുന്ന ഫൈസൽ ഫരീദിന്റെ കൂട്ടാളി റബിൻസ്, സ്വർണ്ണക്കടത്തിന് പണം സമാഹരിച്ച് നൽകിയവരും കള്ളക്കടത്ത് സ്വർണ്ണം വാങ്ങിവരും ഉൾപ്പെടെയുള്ള പ്രതികളും പിന്നീട് അറസ്റ്റിലായി.

കള്ളക്കടത്തിൽ കോൺസുലേറ്റ് ജനറലിനും അറ്റാഷെക്കുമുള്ള പങ്ക് പ്രതികൾ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ആദ്യഘട്ടത്തിൽ അവരെ പ്രതിചേർത്തില്ല. ഇതിനിടെ അവർ രാജ്യംവിട്ടു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 53 പേരാണ് അറസ്റ്റിലായത്.

സ്വപ്നയുമായുള്ള ബന്ധമാണ് എം.ശിവശങ്കറിന് വിനയായത്.ഖുറാൻ വിതരണത്തിന്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന ആരോപണത്തിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെയും പ്രതികളിലൊരാളുടെ വെളിപ്പെടുത്തലിന്റെ പേരിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എൻ രവീന്ദ്രനെയും ചോദ്യംചെയ്തു.

മതിയായ തെളിവുകളുടെ അഭാവത്തിൽ കുറ്റപത്രം വൈകിയപ്പോൾ കസ്റ്റംസ് കേസിൽ ഭൂരിഭാഗം പ്രതികളും ജാമ്യത്തിലിറങ്ങുകയും ചെയ്തു.കേസിലെ പ്രധാനപ്രതിയായ ഫൈസൽ ഫരീദ് എവിടെയുണ്ടെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി പറയാൻ ഇപ്പോഴും എൻഐഎക്കായിട്ടില്ല.

രാജ്യംവിട്ട കോൺസൽ ജനറലിനെയും അറ്റാഷെയെയും ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ച് കാത്തിരിക്കയാണ് കസ്റ്റംസ്.

പ്രതികളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ തെളിവുണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണവും ഇ.ഡി.ക്കെതിരെ ഇതിനെതിരെ ഉണ്ടായി.ഇതുമായി ബന്ധപ്പെട്ട് ഇ.ഡിയ്‌ക്കെതിരെ ജൂഡിഷ്യൽ അന്വേഷണത്തിനും നീക്കമുണ്ടായി.

Top