ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തിയ ഉത്പന്നം വീട്ടിലെത്തുന്നതിന് മുമ്പ് അടിച്ചുമാറ്റി. നിരവധി ഉപഭോക്താക്കള്‍ വാങ്ങിയ സാധനങ്ങള്‍ അടിച്ചുമാറ്റിയെന്ന പരാതിയെത്തുടര്‍ന്ന് രണ്ട് പേര്‍ പിടിയിലായ്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് വഴി വാങ്ങിയ ഉല്‍പ്പന്നം കവര്‍ന്ന് പകരം സോപ്പ് വച്ച സംഭവത്തില്‍ വിനയ് രൂക്, ഫരീദ് ഷെയ്ക് എന്നിവരാണ് പിടിയിലായത്. ഓണ്‍ലൈനായി വാങ്ങുന്ന സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായത്.
വാങ്ങിയ ഉല്‍പ്പന്നമല്ല ഉപഭോക്താക്കള്‍ക്ക് കിട്ടുന്നതെന്ന് നിരന്തരം പരാതി ഉയര്‍ന്നതോടെയാണ് ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രം ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. പിന്നീട് ഡെലിവറി ബോയിയെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ കുറ്റം നിഷേധിച്ചു. ഇതോടെയാണ് കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ വിനയ് രൂകെയെ ബന്ദ്ര കുര്‍ള പൊലീസ് ചോദ്യം ചെയ്തത്.
പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിനയ് രൂകെ കുറ്റം സമ്മതിച്ചു. ഇതോടെയാണ് വലിയ തട്ടിപ്പിന്റെ പിന്നിലെ കഥ വെളിച്ചത്തായത്. ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യേണ്ട ഉല്‍പ്പന്നങ്ങള്‍ കൊറിയര്‍ സ്ഥാപനത്തിലെത്തുമ്പോള്‍ പെട്ടിതുറന്ന് സാധനങ്ങള്‍ മോഷ്ടിച്ച ശേഷം പകരം സോപ്പ് വച്ച് പാക്കറ്റ് വിതരണത്തിന് വിടുകയായിരുന്നുവെന്നാണ് മൊഴി.
തട്ടിപ്പിന് വിനയ് രൂകെയ്ക്ക് സഹായം ചെയ്തത് ഫരീദ് ഷെയ്കാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫരീദിന് വേണ്ടിയാണ് വിനയ് രൂകെ ഉല്‍പ്പന്നങ്ങളുടെ പെട്ടികള്‍ പൊളിച്ചതെന്നും സാധനങ്ങള്‍ ഫരീദിന് കൈമാറിയെന്നും പൊലീസ് പറഞ്ഞു. മുന്‍പും ഷെയ്ഖിനെതിരെ സമാനമായ കേസ് ഇതേ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.