രമേശിനും ഉമ്മന്‍ ചാണ്ടിക്കും എതിരെ അണികളുടെ രോക്ഷം അതിശക്തമാകുന്നു കല്യാണ പുലിവാലില്‍ കോണ്‍ഗ്രസ് വീണ്ടും യുദ്ധക്കളമാകുന്നു…

ബാറുടമ ബിജു രമേശിന്റെ മകളുടെയും മുന്‍ മന്ത്രി അടൂര്‍ പ്രകാശ് എംഎല്‍എയുടെ മകന്റെയും വിവാഹ നിശ്ചയം കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി.ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരായി സുധീരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ മുകുള്‍ വാസ്‌നിക്കിന് പരാതി നല്‍കി. വിവാദ മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ കല്യാണത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തത് തെറ്റാണെന്ന സുധീരന്റെ പ്രസ്താവനയാണ് പരാതിക്കിടയാക്കിയത്.പരസ്യപ്രസ്താവന നടത്തരുതെന്ന കെപിസിസി മാര്‍ഗനിര്‍ദേശം സുധീരന്‍ ലംഘിച്ചെന്നാണ് പരാതി. സംഭവത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കാന്‍ എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്. സുധീരന്റെ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങളും തെളിവായി നല്‍കും.വിവാഹനിശ്ചയവിവാദത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയം കൂടി ഉള്‍ച്ചേര്‍ന്നതോടെ കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിക്കുകൂടി കളമൊരുങ്ങുന്നുവോ എന്ന സംശയമാണ് രാഷ്ട്രീയനിരീക്ഷകര്‍ക്ക്.

നിശ്ചയത്തില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പരസ്യമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ രംഗത്തുവന്നതാണ് പുതിയ വിവാദത്തിനു വഴിമരുന്നിട്ടത്. സുധീരന്റെ നടപടിക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിഐക്യം തകര്‍ക്കുന്ന തരത്തിലുള്ള പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം സുധീരന്‍ ലംഘിച്ചെന്നും ഇത് അച്ചടക്കലംഘനമാണെന്നുമാണ് പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വി സുധീരനെതിരായ ആയുധമാക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിന് ഹൈക്കമാന്‍ഡ് വഴങ്ങിയില്ല. ആ പരാജയത്തിന്റെ കയ്പ് ഇനിയും തീര്‍ന്നിട്ടില്ലാത്തതിനാല്‍ സുധീരനെതിരെയുള്ള പുതിയ പടയൊരുക്കത്തിന് മൂര്‍ച്ച കൂടുമെന്നുറപ്പ്.

കഴിഞ്ഞ യു‍ഡിഎഫ് സര്‍ക്കാരിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കിയ ബിജുവിന്റെ മകളുടെ വിവാഹനിശ്ചയത്തിന് പ്രമുഖനേതാക്കള്‍ പോയത് അനുചിതമായെന്നാണ് സുധീരന്റെ വാദം. നേതാക്കള്‍ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാല്‍ അത്തരമൊരഭിപ്രായം പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍ വേണമായിരുന്നു എന്നാണ് കോണ്‍ഗ്രസിലെ മറ്റു പല നേതാക്കളുടെയും അഭിപ്രായം. അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങിനെത്തിയത് അടൂര്‍ പ്രകാശിന്റെ ക്ഷണമനുസരിച്ചായിരുന്നെന്നാണ് ബിജു രമേശ് പ്രതികരിച്ചത്.

കഴിഞ്ഞ യു‍ഡിഎഫ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ബാര്‍കോഴ ആരോപണമുയര്‍ത്തിയത് ബിജുവായിരുന്നു. അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കും എക്സൈസ് മന്ത്രി കെ. ബാബുവിനും എതിരെ ഉയര്‍ന്ന ആരോപണത്തിന്റെ മുനകള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നേര്‍ക്കും നീണ്ടിരുന്നു. രണ്ടു മന്ത്രിമാരുടെ രാജി വരെയെത്തിയ വിവാദമാണ് തിരഞ്ഞെടുപ്പില്‍ യു‍ഡിഎഫിന്റെ പരാജയകാരണങ്ങളിലൊന്നെന്ന് കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ അഭിപ്രായമുയര്‍ന്നിരുന്നു.

തിരഞ്ഞെടുപ്പു സീറ്റ് ചര്‍ച്ചയില്‍‍ത്തന്നെ എ, ഐ ഗ്രൂപ്പുകളും സുധീരനുമായി കൊമ്പുകോര്‍ത്തിരുന്നു. പിന്നീട്, ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് നേതാക്കള്‍ പറഞ്ഞിരുന്നതെങ്കിലും മുറിവുകള്‍ ഉണങ്ങിയിരുന്നില്ലെന്ന് തിരഞ്ഞെടുപ്പിനുശേഷമുള്ള നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കി. കെ. ബാബു സുധീരനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. രണ്ടു ഗ്രൂപ്പുകളും സുധീരനെ പ്രതിക്കൂട്ടില്‍നിര്‍ത്താനാണ് തുനിഞ്ഞതെങ്കിലും അതിനെയൊക്കെ അതിജീവിച്ച്, ഹൈക്കമാന്‍ഡിന്റെ ആശീര്‍വാദത്തോടെ കേരളത്തിലെ കോണ്‍ഗ്രസിനെ പുനഃസംഘടിപ്പിക്കാനാണ് സുധീരന്റെ നീക്കം.

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ രമേശ് ചെന്നിത്തലയും സുധീരനും രണ്ടുതട്ടിലായിരുന്നു. കേരളത്തെ മദ്യാലയമാക്കി മാറ്റാനാണ് നീക്കമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചപ്പോള്‍ ലഹരിരംഗത്തെ സംഘടിത ശക്തികളാണ് നയംമാറ്റത്തിന് പിന്നിലെന്നായിരുന്നു വി.എം.സുധീരന്റെ പ്രതികരണം. തിരഞ്ഞെടുപ്പിനുപിന്നാലെ നിര്‍ത്തിവയ്ക്കപ്പെട്ട പോര് വീണ്ടും ആരംഭിക്കുന്നതിന്റെ തെളിവാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ഡോ. ബിജു രമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.

Top