തിരുവനന്തപുരം:ഒരു വശത്ത് മുന്‍ സര്‍ക്കാരിന്റെ ഭാഗത്തെ കേസുകളും മറുഭാഗത്ത് പാര്‍ട്ടിയുമായുള്ള പോരാട്ടവും ഉമ്മന്‍ ചാണ്ടിയെ തളര്‍ത്തുന്നതായി സൂചന . ഹൈക്കമാന്‍ഡിന് എതിരായി വെല്ലുവിളിച്ച ഉമ്മന്‍ ചാണ്ടി ഒടുവില്‍ മുട്ടുമടക്കി നാളെ നടക്കുന്ന രാഷ്‌ട്രീയകാര്യസമിതിയോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുമെന്ന സൂചന ഉമ്മന്‍ ചാണ്ടിയുടെ ഭാഗത്തു നിന്നു തന്നെ ഉണ്ടായി.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടുകയും ഉമ്ന്നധാധികാര സമതിയില്‍ പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തു . സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക്ക് ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ സംസാരിച്ചു. ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് ഉമ്മന്‍ചാണ്ടിയൂം പ്രതികരിച്ചിട്ടുണ്ട്. കെ.പി.സി.സി ആസ്‌ഥാനമായ ഇന്ദിരാഭവനില്‍ രാവിലെ പത്തിനാണ് യോഗം.ഇതോടെ നാളെ നടക്കുന്ന രാഷ്‌ട്രീയകാര്യസമിതിയില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കുമെന്നു തന്നയാണ് സൂചന .
ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തെതുടര്‍ന്ന് പാര്‍ട്ടിയുടെ നേതൃനിരയില്‍ ഇനി താനില്ലെന്ന നിലപാട് സ്വീകരിച്ച് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന് വേണ്ടിയാണ് രാഷ്‌ട്രീയകാര്യസമിതി യോഗം ഇത്രയും നാള്‍ നീട്ടിവച്ചതും. എന്നാലും നിലപാട് മയപ്പെടുത്തുന്ന സൂചന അദ്ദേഹം നല്‍കിയിരുന്നില്ല. കറന്‍സി നിരോധനത്തില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി കഴിഞ്ഞദിവസം ഡല്‍ഹിയില്‍ സംഘടിപ്പിച്ച വമ്പിച്ച കണ്‍വെന്‍ഷനിലും ഉമ്മന്‍ചാണ്ടി പങ്കെടുത്തിരുന്നില്ല. പക്ഷേ അവിടെ പരിപാടിയില്‍ സംബന്ധിച്ച കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കേണ്ടതിന്റെ ആവശ്യകത ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തുകയായിരുന്നു. ഉമ്മന്‍ചാണ്ടി പാര്‍ട്ടിയുമായി സഹകരിക്കാതെ മാറിനില്‍ക്കുന്നത് ശരിയല്ലെന്ന് ഇരുവരും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ്. അദ്ദേഹത്തെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തണം. ഹൈക്കമാന്‍ഡ് തന്നെ അദ്ദേഹത്തെ വിളിച്ച് സംസാരിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. അതിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക്ക് കഴിഞ്ഞദിവസം വൈകിട്ടും ഇന്നലെ രാവിലെയും ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചു. കൂടുതല്‍ വിശദമായ ചര്‍ച്ചയാകാമെന്ന് ഉമ്മന്‍ചാണ്ടിയും സമ്മതിച്ചിട്ടുണ്ട്.
പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നുവെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പ്രശ്‌നം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിന് താന്‍ മാത്രമല്ല, ഉത്തരവാദി. പാര്‍ട്ടി നേതൃത്വത്തിനും അതില്‍ ഉത്തരവാദിത്വമുണ്ട്. എന്നിട്ടും തന്നെ അവഗണിക്കുകയും കെ.പി.സി.സി നേതൃത്വത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. ഇത് അംഗീകരിച്ച് മുന്നോട്ടുപോകാനാവില്ലെന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. പാര്‍ട്ടിയില്‍ തന്റെ ശക്‌തി എന്തെന്ന് സംഘടനാതെരഞ്ഞെടുപ്പിലൂടെ കാണിച്ചുതരാം എന്ന വെല്ലുവിളിയാണ് അദ്ദേഹം ഉയര്‍ത്തിയത്.
ഉമ്മന്‍ചാണ്ടിയുടെ പ്രതിഷേധം സംസ്‌ഥാന നേതൃത്വത്തോടല്ലെന്നാണ് കെ.പി.സി.സിയുടെ നിലപാട്. ഡി.സി.സി പ്രസിഡന്റുമാരെ നിയമിച്ചത് കെ.പി.സി.സിയല്ല, അത് എ.ഐ.സി.സിയാണ്. അതുകൊണ്ട് സംസ്‌ഥാന നേതൃത്വത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് അവരുടെ അഭിപ്രായം. ഇവിടെ നിന്നും നല്‍കുന്ന പട്ടിക അതേപടി അംഗീകരിക്കുന്ന പതിവാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇക്കുറി അതിന് മാറ്റം വരുത്തി. യോഗ്യതയായിരുന്നു മാനദണ്ഡം. പതിവുപോലെ ഗ്രൂപ്പുകളും പട്ടികകൊടുത്തു. രാഷ്‌ട്രീയകാര്യസമിതി അംഗങ്ങളും എം.പിമാരുമൊക്കെ പട്ടിക നല്‍കി. മുതിര്‍ന്ന നേതാക്കളോട് അവര്‍ ആശയവിനിമയം നടത്തുകയും ചെയ്‌തു. അങ്ങനെയാണ് പട്ടികയുണ്ടാക്കിയത്. ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകരുടെ യോഗ്യതയെക്കാളേറെ ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യം നല്‍കിയതാണ് പ്രശ്‌നത്തിന് കാരണമായത്. രമേശ് ചെന്നിത്തലയും അതുപോലെയായിരുന്നുന്നെങ്കിലും അതിലല്ലാതെ വന്നവരേയും ഒപ്പം കൂട്ടി കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൊണ്ടുപോെയന്നും അഭിപ്രായമുണ്ട്.
അതേസമയം ഉമ്മന്‍ചാണ്ടി ഒപ്പം വേണം എന്നതില്‍ കെ.പിസി.സിക്ക് ഒരു തര്‍ക്കവുമില്ല. അതുകൊണ്ട് അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രമേശ് ചെന്നിത്തലയൂം വി.എം. സുധീരനുമൊക്കെ പലതവണ കൂടിക്കാഴ്‌ച നടത്തിയെങ്കിലും ഉമ്മന്‍ചാണ്ടി വഴങ്ങാന്‍ തയാറായിരുന്നില്ല. ആ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ഇടപെട്ടിരിക്കുന്നത്.നാളെ ചേരുന്ന രാഷ്‌ട്രീയകാര്യസമിതി വളരെ നിര്‍ണ്ണായകമാണ്. പ്രത്യേക അജണ്ടകളൊന്നും നിശ്‌ചയിച്ചിട്ടില്ലെങ്കിലും സമകാലിക രാഷ്‌ട്രീയവിഷയങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയാകും. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള നിലപാട് കടുപ്പിക്കാനും പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കാനുമാണ് യോഗം പ്രധാനമായും ചേരുന്നത്. എന്നാല്‍ ഇതില്‍ ഉമ്മന്‍ചാണ്ടി പ്രശ്‌നവും ഉയര്‍ന്നുവരും. രാഷ്‌ട്രീയകാര്യസമിതിക്ക് ശേഷം വൈകിട്ട് നാലിന് പുതിയ ഡി.സി.സി പ്രസിഡന്റുമാരുടെ യോഗവും കെ.പി.സി.സി വിളിച്ചിട്ടുണ്ട്. അതിലും പ്രക്ഷോഭപരിപാടികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് തീരുമാനം. 14ന് നിര്‍ണായകമായ രാഷ്‌ട്രീയകാര്യസമിതി ചേരാനിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ മനം മാറ്റം സംസ്ഥാന കോണ്‍ഗ്രസിന് ആശ്വസമായപ്പോള്‍ കേരളത്തില്‍ മാത്രമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എഐസിസിക്ക് തടസമില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍ വ്യക്തമാക്കി.
സംഘടനാ തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്ന നേതാക്കളാണ് മറിച്ചുപറയുന്നത്. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കില്ലെന്ന് ഉറപ്പുപറയാനാവില്ലെന്നും ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.ഡിസിസി പുനഃസംഘടനയോട് അനുബന്ധിച്ച് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ അവസാനിക്കാത്തത് സംസ്ഥാന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെ പിന്നോട്ട് വലിക്കുകയാണ്. പ്രതിപക്ഷം ദുര്‍ബലമായ സാഹചര്യത്തില്‍ എതിര്‍പ്പുമായി നിന്നാല്‍ നേട്ടമുണ്ടാകില്ല എന്ന തോന്നല്‍ മൂലമാണ് ഉമ്മന്‍ചാണ്ടി മയപ്പെടാന്‍ കാരണമായത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഒരു വഴിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വേറൊരു വഴിക്കും നീങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതും ഉമ്മന്‍ചാണ്ടിയുടെ മനം മാറ്റത്തിന് കാരണമായി