സോളാര്‍ കമ്മീഷനെതിരെ ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തന്നെ തീരുമാനത്തെ തള്ളിപ്പറഞ്ഞു. സോളാര്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചതില്‍ അപാകതയുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ പറഞ്ഞത്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ യു ഡി എഫ് സര്‍ക്കാരാണ് സോളാര്‍ തട്ടിപ്പു കേസ് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചത്. മന്ത്രിസഭയാണ് കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചത്. ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചതില്‍ അപാകതയുണ്ടായെന്ന വാദം ഉയര്‍ത്തിയതോടെ സ്വന്തം സര്‍ക്കാര്‍ തീരുമാനത്തെയാണ് ഉമ്മന്‍ ചാണ്ടി തള്ളിപ്പറഞ്ഞിരിക്കുന്നത്.
ടേംസ് ഓഫ് റഫറന്‍സില്‍ അപാകതയുണ്ടായെങ്കില്‍ എന്തുകൊണ്ട് അതിനെ അന്ന് ചോദ്യം ചെയ്തില്ലെന്ന് കോടതി ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം കമ്മീഷനെ ചോദ്യം ചെയ്യുന്നത് ശരിയാണോ എന്നും കോടതി ആരാഞ്ഞു.
മുഖ്യമന്ത്രി എന്ന സ്ഥാനത്ത് ഇരുന്നു കൊണ്ടാണ് അന്ന് ഉമ്മന്‍ ചാണ്ടി തീരുമാനമെടുത്തത്. എന്നാല്‍ ഇപ്പോള്‍ ഒരു വ്യക്തിയെന്ന ഉമ്മന്‍ ചാണ്ടിയുടെ മൗലിക അവകാശങ്ങളില്‍ ലംഘനമുണ്ടായാല്‍ അത് ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്- എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ നല്‍കിയ മറുപടി.
അതോടെ കമ്മീഷനെ നിയമിച്ചു കൊണ്ട് ഉത്തരവിട്ട മന്ത്രിസഭാ രേഖകള്‍ പരിശോധിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. രേഖകള്‍ നാളെത്തന്നെ ഹാജരാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലാണ് ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ഹാജരായത്.