തെറ്റ് എന്റെ ഭാഗത്താണ്;ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടി വിട്ടതിന്റെ ഉത്തരവാദിത്വം തനിക്കെന്ന് ഉമ്മന്‍ ചാണ്ടി.ചെറിയാൻ ഫിലിപ്പ് ഉടൻ കോൺഗ്രസിലെത്തും!ഉമ്മൻ ചാണ്ടിയും ചെറിയാനും 20 വര്‍ഷത്തിന് ശേഷം ഒരേ വേദിയില്‍.

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റു പറ്റിയത് എനിക്കാണ്. കോണ്‍ഗ്രസ് നേതൃത്വം ചെറിയാന്‍ ഫിലിപ്പിന് സീറ്റ് ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. ഈ തെറ്റ് ആത്മപരിശോധനയ്ക്കുള്ള അവസരമായി ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും ഉഉമ്മൻ ചാണ്ടി വ്യക്തമാക്കി.മുസ്ലിം ലീഗ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ അവുകാദര്‍ കുട്ടി നഹയുടെ പേരിലുള്ള പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പിന് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ഇരു നേതാക്കളും രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ഒരു വേദിയില്‍ എത്തിയത് എന്ന പ്രത്യേകതയും ഇന്നത്തെ പരിപാടിക്കുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ചെറിയാന്‍ ഫിലിപ്പ് മല്‍സരിച്ച സംഭവം കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ ഞെട്ടലുണ്ടാക്കിയ സംഭവമാണ്. പിന്നീട് ഇടതുപക്ഷത്തേക്ക് പോയ ചെറിയാന്‍ വീണ്ടും കോണ്‍ഗ്രസിനൊപ്പം ചേരുമെന്നാണ് സൂചനകള്‍. 20 വര്‍ഷം മുമ്പ് നടന്ന സംഭവങ്ങള്‍ ഓരോന്നായി എടുത്തു പറഞ്ഞായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍.

ചെറിയാന്‍ ഫിലിപ്പിന് പുരസ്‌കാരം നല്‍കിയ ശേഷമാണ് ഉമ്മന്‍ ചാണ്ടി സംസാരിച്ചത്. വ്യത്യസ്തമായ ഒരു രാഷ്ട്രീയ സാഹചര്യം അന്നുണ്ടായി എന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി പഴയ കാര്യങ്ങള്‍ സൂചിപ്പിച്ചു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ എനിക്കെതിരെ ചെറിയാന്‍ ഫിലിപ്പ് മല്‍സരിക്കുന്ന സാഹചര്യം വന്നു. എല്ലാവര്‍ക്കും അതൊരു അത്ഭുതമായി എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാനും ചെറിയാനും തമ്മിലുള്ള ബന്ധം അവസാനിച്ചു എന്ന് പലരും ധരിച്ചു. ചിലര്‍ സഹതാപത്തോടെ സംസാരിച്ചു. ഞാന്‍ വ്യത്യസ്തമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. അപ്പുറത്ത് നില്‍ക്കുന്ന വ്യക്തിയുടെ വീക്ഷണം ഞാനേത് വിഷയത്തിലും പരിശോധിക്കാറുണ്ട്. ചെറിയാനുമായി ബന്ധപ്പെട്ട കാര്യത്തിലും ഞാന്‍ അതേ സമീപനം സ്വീകരിച്ചു. ആ രീതിയില്‍ പരിശോധിച്ചപ്പോള്‍ എനിക്ക് ചെറിയാനോട് വിദ്വേഷം തോന്നിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എന്റെ ഭാഗത്ത് നിന്ന് തെറ്റുവന്നു എന്ന മനോഭാവമാണ് അന്ന് എനിക്കുണ്ടായത്. ചെറിയാനെ പോലെ സജീവ നേതൃത്വത്തിലുള്ള ഒരു വ്യക്തിക്ക് ജയിച്ചുവരാന്‍ സാധിക്കുന്ന സീറ്റ് നല്‍കേണ്ടതായിരുന്നു. അതിന് സാധിക്കാതെ വന്നതില്‍ തെറ്റ് സംഭവിച്ചു. ഞാനുള്‍പ്പെടുന്ന സംവിധാനത്തിന്റെ ഭാഗത്ത് തെറ്റില്ലേ എന്ന് എനിക്ക് തോന്നിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെറ്റ് ചെറിയാന്റെ ഭാഗത്തല്ല, ഞാനുള്‍ക്കൊള്ളുന്ന സംവിധാനത്തിന്റെ ഭാഗത്താണ്. അതുകൊണ്ടുതന്നെ എനിക്ക് അന്നും ഇന്നും വിദ്വേഷമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പ് തിരിച്ചെത്തണമെന്ന് കഴിഞ്ഞ ദിവസം പത്മജ വേണുഗോപാല്‍ പരോക്ഷമായി ആവശ്യപ്പെട്ടിരുന്നു. കെ കരുണാകരനും ചെറിയാന്‍ ഫിലിപ്പും തമ്മിലുള്ള ബന്ധമാണ് പത്മജ സൂചിപ്പിച്ചത്. കെ മുരളീധരനും എസ്എസ് ലാലുമെല്ലാം സമാനമായ പ്രതികരണങ്ങള്‍ നടത്തി.

കോണ്‍ഗ്രസ് വിട്ട ഇടതുപക്ഷ സഹയാത്രികനായ ചെറിയാനെ സിപിഎം അവഗണിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നപ്പോള്‍ പരിഗണിക്കാതിരുന്നതും നിമയസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കാതിരുന്നതും ഈ പ്രചാരണത്തിന് ബലമേകി. അടുത്തിടെ ഖാദി ബോര്‍ഡില്‍ വൈസ് ചെയര്‍മാന്‍ പദവി നല്‍കിയിരുന്നു. എന്നാല്‍ ചെറിയാന്‍ വേണ്ടെന്ന് പറഞ്ഞു. പ്രകൃതി ദുരന്തവിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ചെറിയാന്‍ രംഗത്തുവന്നതും വലിയ ചര്‍ച്ചയായി. ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന എന്തിന്റെ ഭാഗമാണ് എന്നറിയില്ല. മുമ്പ് കോണ്‍ഗ്രസുമായി സഹകരിച്ചിരുന്ന വ്യക്തിയാണ് ചെറിയാന്‍. പിന്നീട് ഇടതുപക്ഷവുമായി സഹകരിച്ചു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് അദ്ദേഹം. അങ്ങോട്ടും ഇങ്ങോട്ടും നല്ല സഹകരണമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് എന്തെങ്കിലും മാറ്റം വന്നോ എന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top