തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി.ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കുന്നതിൽ പൊലീസിനു ഗുരുതര വീഴ്ച പറ്റിയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽഡിഎഫിന്‍റെ ഭരണകാലത്തു സംസ്ഥാനത്ത് ഗർഭസ്ഥ ശിശുവിനുപോലും രക്ഷയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എൽഡിഎഫിന്‍റെ കാലത്ത് 22 പേരാണ് വിവിധ അക്രമങ്ങളിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഇതിൽ പത്ത് പേർ കണ്ണൂരാണ് കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ നാട്ടിലുണ്ടായ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പോലും തയാറാകാത്ത മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ഇ.പി. ചന്ദ്രശേഖരന് 51 വെട്ട് വെട്ടിയെങ്കിൽ ശുഹൈബിന് 37 തവണ വെട്ടിയാണ് കൊലപ്പെടുത്തിയതെന്നും ഇത് മരിച്ചതിനു ശേഷം പകതീർക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഗർഭസ്ഥ ശിശുവിനു പോലും സംസ്ഥാനത്ത് രക്ഷയില്ല. തേനാംകുഴിയിൽ സിബി ചാക്കോക്കും ഗർഭിണിയായ ഭാര്യക്കും നേരെയും ആക്രമണമുണ്ടായെന്നും സംഭവത്തിൽ ഗർഭസ്ഥ ശിശു മരിച്ചുവെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.സിനിമാ പാട്ടിനെക്കുറിച്ചുപോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി, ഒരു ചെറുപ്പക്കാരന്റെ കൊലപാതകത്തില്‍ പുലര്‍ത്തുന്ന നിശബ്ദത ഭയപ്പെടുത്തുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ പൊലീസിനു ഗുരുതര വീഴ്ചയുണ്ടായി. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണു കൊലയെന്ന് അനുമാനിക്കാവുന്ന തരത്തിലാണു കേസന്വേഷണത്തില്‍ പൊലീസിന്റെ മെല്ലെപ്പോക്കെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
അതേസമയം, ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നു കണ്ണൂർ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം പറഞ്ഞു. പൊലീസിനു വീഴ്ചയുണ്ടായിട്ടില്ല. കേസ് തെളിയിക്കാൻ സമ്മർദമുണ്ടെങ്കിലും അന്വേഷണത്തിലാണു ശ്രദ്ധയെന്നും എസ്പി പറഞ്ഞു. ഷുഹൈബിനു നീതിതേടി തിങ്കളാഴ്ച നിരാഹാരസമരം തുടങ്ങുമെന്നു കോൺഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. സിപിഎം നേതാവ് എം.വി.ജയരാജന്‍ ഡിവൈഎസ്പിമാരെ നേരിട്ടുവിളിച്ചു കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ്. പരോളിലല്ലാതെ കൊടി സുനി രാത്രി ജയിലിനു പുറത്തുപോകുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കേസിൽ പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.