കേരളത്തില്‍ കോണ്‍ഗ്രസ് അഭിപ്രായ സര്‍വേ നടത്തും; സ്വകാര്യ ഏജന്‍സികള്‍ക്ക് ചുമതല.കെപിസിസിയിലെ നേതൃമാറ്റം ആലോചനയിലില്ല; എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈകമാന്‍ഡ്’: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നേതൃമാറ്റം ആലോചനയിലില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡിസിസികളിലും നേതൃമാറ്റം വേണ്ടെന്നാണ് നിലപാടെന്നും അത്തരം തീരുമാനങ്ങള്‍ക്കുള്ള സാഹചര്യമല്ല ഇപ്പോള്‍ എന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസിയും വ്യക്തമാക്കിയിട്ടുണ്ട്. എംപിമാര്‍ രാജിവെച്ച്‌ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈകമാന്‍ഡാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം താല്‍ക്കാലം ഉണ്ടാകില്ലെന്ന് കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും പറഞ്ഞിരുന്നു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസ് അഭിപ്രായ സര്‍വേ നടത്തും. സ്വകാര്യ ഏജന്‍സികള്‍ക്കാണ് സര്‍വേയുടെ ചുമതല. മൂന്ന് ഏജന്‍സികളെയാണ് എഐസിസി ഇതിനായി നിയോഗിച്ചിരിക്കുന്നത്. ജയസാധ്യതയും സ്ഥാനാര്‍ത്ഥി സാധ്യതയും അടക്കമുള്ള കാര്യങ്ങള്‍ ഏജന്‍സികള്‍ പഠിക്കും. പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുമടക്കം അഭിപ്രായങ്ങള്‍ തേടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബംഗളൂരു ആസ്ഥാനമായുള്ള ഏജന്‍സി നിലവില്‍ കോണ്‍ഗ്രസിനായി കേരളത്തില്‍ അഭിപ്രായ സര്‍വേ നടത്തുന്നുണ്ട്. ഇതിന് പുറമേ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുള്ള ഏജന്‍സിയും അഭിപ്രായ സര്‍വേ നടത്തും. ഘടക കക്ഷികളെക്കുറിച്ചും ഘടക കക്ഷി സ്ഥാനാര്‍ത്ഥികളെക്കുറിച്ചും പരിശോധന നടത്തും.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങളും വിലയിരുത്താന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നാളെയും അദ്ദേഹം സംസ്ഥാനത്ത് തുടരും. കൂടിക്കാഴ്ചകളില്‍ പാര്‍ട്ടി പുനഃസംഘടനയുള്‍പ്പെടെ ചര്‍ച്ചയാകുമെന്നാണ് സൂചന.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുടെ അന്തരീക്ഷം ഉടലെടുത്തതോടെയാണ് പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പരസ്യ വാക്പോരും, നേതാക്കള്‍ക്കെതിരെ വ്യാപകമായി പോസ്റ്ററുകളുയര്‍ന്നതും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പടെ വ്യാപകമായ പരാതികള്‍ ഹൈക്കമാന്‍ഡിന് മുന്നിലെത്തിയതും ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വം കാണുന്നത്.

നേതൃമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും മൂന്ന് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ വലിയ പൊളിച്ചെഴുത്ത് പ്രയാസമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടര്‍ന്നേക്കും.

എന്നാല്‍, താരിഖ് അന്‍വരുമായുള്ള കൂടിക്കാഴ്ചയില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ മുല്ലപ്പള്ളിക്കെതിരെ നേതാക്കള്‍ നിലപാട് സ്വീകരിക്കുമോ എന്നത് പ്രധാനമാണ്. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനമുന്നയിച്ചവര്‍ താരിഖ് അന്‍വറിനോടും ഈ വിമര്‍ശനമുന്നയിക്കുമോ എന്നതും എല്ലാവരും ഉറ്റനോക്കുന്നുണ്ട്. പല ഡിസിസി പ്രസിഡന്റുമാര്‍ക്കെതിരെയും പ്രതിഷേധം ശക്തമാണ്. പലജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് പരിഗണിക്കാനാണ് സാധ്യത. ഇന്നലെ സംസ്ഥാനത്ത് എത്തിയ താരിഖ് അന്‍വര്‍ രണ്ടു ദിവസം സംസ്ഥാനത്ത് തുടരും.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കത്തെ തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ മുല്ലപ്പള്ളി രാമചന്ദ്രനുമായി താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായും താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തുകയാണ്.നേതൃമാറ്റം ആവശ്യമില്ലെന്ന് താരിഖ് അന്‍വറും പ്രതികരിച്ചിരുന്നു. വിശദമായ റിപ്പോര്‍ട്ട് എഐസിസിക്ക് നല്‍കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

Top