കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുനക്കര മൈതാനിയില്‍ നിന്നും പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൊതുദര്‍ശനത്തിന് വെക്കും. പുതുപ്പള്ളിയിലേക്ക് 10 കിലോമീറ്റര്‍ ദൂരമാണുള്ളത്. യാത്രയിലുടനീളം ആളുകള്‍ കാണാനെത്തുന്നത് സംസ്‌കാര ചടങ്ങുകള്‍ വൈകിപ്പിക്കും. നിലവില്‍ നാലരയോടെ പുതുപ്പള്ളിയിലെ വീട്ടിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ വഴിയരികില്‍ നിര്‍ത്തേണ്ടി വന്നാല്‍ ഇനിയും സമയം വൈകും. വീട്ടില്‍ സംസ്‌ക്കാര ശുശ്രുഷകള്‍ നടക്കും. പിന്നീട് പണി പൂര്‍ത്തിയാവാത്ത വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം പള്ളിയിലേക്ക് കൊണ്ടുപോവും.
ആയിരക്കണക്കിന് പേരാണ് തിരുനക്കര മൈതാനിയില്‍ ഉമ്മന്‍ചാണ്ടിയെ കാണാനെത്തിയത്. സിനിമാ താരങ്ങളായ മമ്മൂട്ടി,സുരേഷ് ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി, സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയിലെത്തി ആദരമര്‍പ്പിച്ചു. ഇന്നലെ രാവിലെ 7 മണിമുതല്‍ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചത്.