കൊട്ടാരക്കര: സരിത നായരുടെ കത്തില്‍ മൂന്നുപേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറെന്നാണ് ഉമ്മന്‍ ചാണ്ടി. കൊട്ടാരക്കര കോടതിയില്‍ ആണ് ഉമ്മൻ ചാണ്ടി ഇത് വെളിപ്പെടുത്തിയത് .സോളറില്‍ ഗണേഷ്കുമാർ വിരോധം തീർത്തു.ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നു. മന്ത്രിസഭയിലേക്കു തിരിച്ചുവരാൻ കഴിയാത്തതാണു വിരോധത്തിനു കാരണമെന്നും കമ്മിഷനില്‍ ഹാജരാക്കിയ സരിതയുടെ കത്തില്‍ നാലു പേജുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഉമ്മന്‍ ചാണ്ടി കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. സരിതയുടെ കത്ത് 21 ൽ നിന്ന് 24 പേജ് ആയതിന് പിന്നിൽ കെബി ഗണേഷ്കുമാറാണ്. യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ഗണേഷിന് തിരികെ മന്ത്രിയാകാൻ സാധിക്കാത്തതിൻറെ വൈരാഗ്യം തന്നോട് ഉണ്ടായിരുന്നു. സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സോളാര്‍ കേസില്‍ വ്യാജരേഖകള്‍ ചമച്ച് കമ്മീഷൻ മുൻപാകെ ഹാജരാക്കിയ കേസില്‍ സാക്ഷിയായാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായത്. സരിതയുടെ കത്ത് 21 പേജില്‍ നിന്ന് 24 ആയത് വ്യാജ രേഖ ചമച്ചാണെന്നാരോപിച്ച് അഭിഭാഷകനായ സുധീര്‍ ജേക്കബാണ് പരാതി നല്‍കിയത്.
ഉമ്മൻചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായാണ് ചിലര്‍ ഗൂഡാലോചന നടത്തി നാല് പേജുകള്‍ കൂടി എഴുതി ചേര്‍ത്ത് സോളാര്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കിയെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ പത്തനംതിട്ട ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് എന്നിവരുടെ മൊഴികള്‍ കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ കേസിലെ മുഖ്യ പ്രതിയായിരുന്ന സരിത എസ്.നായര്‍ ഇക്കാര്യം നിഷേധിച്ചു രംഗത്തെത്തി. സ്വയം എഴുതിയ കത്താണ് ഇതെന്നും ആരും പിന്തുണച്ചിട്ടില്ലെന്നും സരിത പറഞ്ഞു. ഉമ്മന്‍ ചാണ്ടി കത്തിനെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഈ പ്രതികരണം. തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സരിത പറഞ്ഞു.കത്തെഴുതിയത് താനാണെന്ന് സരിത പറഞ്ഞു.