കോട്ടയം: പുതുപ്പള്ളിയില്‍ വികസനമില്ല എന്ന ആരോപണത്തിന് ആക്കം കൂട്ടാന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒറ്റയടി പാലത്തിലൂടെ പോകുന്ന ചിത്രം പ്രചരിപ്പിച്ചവര്‍ വെട്ടിലായിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി നടന്ന പാലം ഉള്‍പ്പെടുന്ന മണ്ഡലം സിപിഎം എംഎല്‍എ ആയിരുന്ന സുരേഷ് കുറുപ്പിന്റേതായിരുന്നെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കുഞ്ഞ് ഇല്ലംപള്ളി സമൂഹമാധ്യമത്തില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തു. ഇപ്പോള്‍ ആ സ്ഥലത്തെ എംഎല്‍എ മന്ത്രി വി.എന്‍ വാസവന്‍ ആണെന്നും പോസ്റ്റില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി പാലത്തിലൂടെ പോകുന്ന ചിത്രം 2016 നവംബര്‍ 27 ന് താന്‍ മൊബൈലില്‍ പകര്‍ത്തിയതാണെന്നും തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലില്‍നിന്ന് ഇറമ്പത്തേക്കു പോകുന്ന വഴിയിലാണു പാലം എന്നും കുഞ്ഞ് ഇല്ലംപള്ളി പറയുന്നു.
കുഞ്ഞ് ഇല്ലംപള്ളിയുടെ പോസ്റ്റ്;
ഇതാണ് പുതുപ്പള്ളിയുടെ വികസനം എന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഒരു ഒറ്റത്തടി പാലത്തിലൂടെ നടന്നു വരുന്ന പടം സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും അതിന് പ്രചരണം നടത്തുകയും ചെയ്യുന്ന സഹോദരങ്ങളോട്
ആടിനെ പട്ടിയാക്കുന്നവരാണ് നിങ്ങള്‍ എന്ന് എനിക്കറിയാം എന്നാലും, പറയട്ടെ
ഉമ്മന്‍ ചാണ്ടി പാലത്തിലൂടെ നടക്കുന്ന പടം 2016 നവംബര്‍ 27ന് എന്റെ മോബൈലില്‍ ഞാനെടുത്തതാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ എം.ഐ. വേലുവിന്റെ മകളുടെ വിവാഹത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി വധുവിനെ ആശംസകള്‍ അറിയിക്കാനാണ് അദ്ദേഹം എത്തിയത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലില്‍നിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം.
നീണ്ട വര്‍ഷം കോട്ടയം എംപിയായും പിന്നീട് അവിടുത്തെ എംഎല്‍യുമായി
2021 വരെ തുടര്‍ന്നിരുന്ന സുരേഷ് കുറുപ്പ് ആയിരുന്നു ഈ കാലത്ത് അവിടുത്തെ എംഎല്‍എ. 21 മുതല്‍ മന്ത്രി വാസവനും. വികസനം നടത്താന്‍ വരുന്നവര്‍ക്കായി 2016ലെ പടവും, ഇപ്പോള്‍ ആ പാലത്തിന്റെ പടവും ഞാന്‍ പ്രസിദ്ധീകരിക്കുന്നു. വലിയ വികസനം തന്നെയാണല്ലോ. അല്ലേ താഴോട്ടാണെന്ന് മാത്രം. പടവലങ്ങ പോലെ 2023ലെ പാലത്തിന്റെ പടത്തില്‍ പാലത്തിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണ് ശ്രീ വേലു ഗീബല്‍സിന്റെ പിതാക്കളായി സത്യം കുഴിച്ചു മൂടുന്ന ചിലര്‍ക്കും, അറിഞ്ഞും അറിയാതെയും, ഇത് പ്രചരിപ്പിക്കയും ചെയ്യുന്ന വിവരദോഷികള്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു.