കോട്ടയം :ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി നാളെ ഡല്‍ഹിക്ക് പോകുന്നു.ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി നാളെ ഡല്‍ഹിയിലേക്ക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡല്‍ഹിയില്‍ പോകുന്ന വിവരം ഉമ്മന്‍ചാണ്ടി അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ജനുവരി 15-ന് ഡല്‍ഹിക്കുപോകും. അടുത്ത ദിവസം രാഹുല്‍ജിയെ കണ്ട് 17-ന് മടങ്ങും. ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷനുകള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ വളരെയേറെ വാര്‍ത്തകള്‍ വന്നിരുന്നു. അത് പലതും വസ്തുതാ വിരുദ്ധമാണ്. ചിലത് അതിശയോക്തിപരവും. ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷന് എതിരായി ഒന്നും തന്നെ ഞാന്‍ പറഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് വ്യക്തമായ ചില അഭിപ്രായങ്ങള്‍ എനിക്കുണ്ട്. അത് നേതൃത്വത്തോട് ഞാന്‍ പറയും. ഇതായിരുന്നു എന്റെ അഭിപ്രായം .ഞാന്‍ ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. ഒരു ഡിമാന്റും എനിക്കില്ല. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം എനിക്ക് ശക്തമായിട്ടുണ്ട്. അത് പുതിയതല്ല. സംഘടനാ തെരഞ്ഞെടുപ്പിലൂടെ താഴെ തട്ട് മുതല്‍ ഊര്‍ജ്ജ്വസ്വലമായ നേതൃത്വം ഉണ്ടായാല്‍ മാത്രമേ ഇന്ന് പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളില്‍ എല്ലാം ഞാന്‍ ഈ കാര്യം ഉന്നയിക്കുകയും അനുകൂല പ്രതികരണം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യാ രാജ്യവും കേരളവും മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത വെല്ലുവിളികളെയാണ് ഇന്ന് നേരിടുന്നത്. വിഭാഗിയത സൃഷ്ടിച്ചും ജനങ്ങളെ തമ്മില്‍ അടിപ്പിച്ചും രാജ്യത്തിന്റെ ഏകതാ ബോധം തകര്‍ത്തും കറന്‍സി പിന്‍വലിക്കുവാനുള്ള ഏകപക്ഷിയമായ തീരുമാനത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക രംഗം സ്തംഭിപ്പിച്ചും ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അധികാരത്തില്‍ കയറ്റിയ ജനങ്ങളെ പാടെ മറന്നു പ്രതിപക്ഷത്തിരുന്നു ഉയര്‍ത്തിയ ആവശ്യങ്ങള്‍ അവഗണിച്ചും കേരള ചരിത്രത്തില്‍ ആദ്യമായി റേഷന്‍ വിതരണം സ്തംഭിപ്പിച്ചും ഭരിക്കുന്ന പിണറായി വിജയനും എതിരെ ശക്തമായി പോരാടേണ്ട അവസരം പൂര്‍ണമായും വിനിയോഗിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്.ഇന്നത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമാക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനു ഞാന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും- എന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.