തിരുവനന്തപുരം: അസത്യപ്രചരണം നടത്തിയ വിഎസിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടത്തിന് കേസ് കൊടുത്തു. മുഖ്യമന്ത്രി 31ഉം മറ്റ് മന്ത്രിമാര്‍ 136ഉം അഴിമതി കേസുകള്‍ നേരിടുകയാണെന്ന് വിഎസ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇതിനെതിരെയാണ് ഉമ്മന്‍ചാണ്ടി രംഗത്തുവന്നത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അഴിമതി നേരിടുകയാണെന്ന് പറഞ്ഞ വിഎസ് അത് ഏതൊക്കെ കേസുകളാണെന്ന് പറയണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരൊറ്റക്കേസുപോലും ഇല്ലെന്നതാണ് വാസ്തവം.
ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം കുപ്രചാരണങ്ങള്‍ നടത്തുന്നത്. മുന്‍ധനമന്ത്രി കെ എം മാണിക്കെതിരെ മാത്രമാണ് എഫ്ഐആര്‍ നിലനില്‍ക്കുന്നത്. തെറ്റായ പ്രചരണത്തില്‍ മാപ്പ് പറയുന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. തുടര്‍ന്നാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
എന്നാല്‍ തന്റെ നാവ് ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മന്‍ചാണ്ടി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നായിരുന്നു വിഎസിന്റെ മറുപടി. തനിക്കെതിരെ കേസ് നല്‍കിയത് ഉമ്മന്‍ ചാണ്ടിയുടെ കപട മനസാക്ഷിയെ സംരക്ഷിക്കാനാണെന്നും വിഎസ് പറഞ്ഞു.