ഉമ്മന്‍ചാണ്ടിയുടെ ബസ് യാത്ര ആഘോഷമാക്കിയ ചാനലുകള്‍; ഇതൊക്കെ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള കോലാഹലങ്ങള്‍

50375_1469761093

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ആദ്യ ബസ് യാത്ര നടത്തിയെന്ന് പറഞ്ഞായിരുന്നു ചാനലുകളില്‍ നിറഞ്ഞ ബ്രേക്കിങ് ന്യൂസ്. ഇതിനുമുന്‍പ് ഉമ്മന്‍ചാണ്ടി ബസില്‍ കയറിയില്ലാന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ജനിക്കുമ്പോള്‍ കാറുമായിട്ടാണോ ഉമ്മന്‍ ഇറങ്ങിയത്? ഇത്തരം വിമര്‍ശനങ്ങളായിരുന്നു സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞത്.

ബസില്‍ എത്രയോ നേതാക്കള്‍ സ്ഥിരവും യാത്ര ചെയ്യുന്നു. എന്തുകൊണ്ട് ഇത് വലിയ വാര്‍ത്തയാകുന്നുവെന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന പികെ വാസുദേവന്‍ നായര്‍ക്ക് കെഎസ്ആര്‍ടിസി ബസിനോടായിരുന്നു താല്‍പ്പര്യം. സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എന്‍ ഇ ബല്‍റാമും ബസില്‍ യാത്ര ചെയ്ത് പൊതു പ്രവര്‍ത്തനം നടത്തി. സിപിഐ(എം) സൈദ്ധാന്തികനായിരുന്ന പി ഗോവിന്ദപിള്ളയും ഓട്ടോയിലും ബസിലുമായിരുന്നു യാത്ര. പക്ഷേ ഇതൊന്നും ആരും ആരേയും അറിയിച്ചില്ല. അതുകൊണ്ട് തന്നെ വാര്‍ത്തയായതുമില്ല. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പുതുപ്പള്ളിക്കാരുടെ എംഎല്‍എ ആയി മാറിയ ഉമ്മന്‍ ചാണ്ടിയുടെ ബസ് യാത്രകളെല്ലാം ബ്രേക്കിങ് ന്യൂസാകും. വലിയ വാര്‍ത്തയുമാകും. ഇതാണ് കഴിഞ്ഞ ദിവസവും സംഭവിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധികാരത്തിന്റെ ആരവമൊഴിഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര. വ്യാഴാഴ്ച വൈകീട്ട് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കായിരുന്നു അദ്ദേഹത്തിന്റെ ബസ് യാത്ര. തിരുവനന്തപുരത്ത് രാവിലെ പൊതുചടങ്ങുകള്‍ക്ക് ശേഷം കൊല്ലത്തേക്ക് ചെന്നൈ മെയിലിലാണ് അദ്ദേഹം പോയത്. കൊല്ലത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് കരുമാലില്‍ സുകുമാരന്റെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തു. ചവറയില്‍ വള്ളത്തില്‍ പോയപ്പോള്‍ മുങ്ങിമരിച്ചവരുടെ വീട് സന്ദര്‍ശനം, തങ്കശ്ശേരിയില്‍ വീട് തകര്‍ന്നവരുടെ സമരപ്പന്തല്‍ എന്നിവിടങ്ങളിലും എത്തി. വൈകീട്ട് ആറരകഴിഞ്ഞപ്പോള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ തിരുവനന്തപുരത്തേയ്ക്കുള്ള തീവണ്ടികളെല്ലാം പോയിരുന്നു.

നേരെ ബസ് സ്റ്റാന്‍ഡിലെത്തി. എറണാകുളത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള ലോ ഫ്ളോര്‍ ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് തൊട്ടുപിന്നിലുള്ള മുന്‍സീറ്റ് ഒഴിഞ്ഞുകിടന്നതിനാല്‍ അവിടെയിരുന്നു. അപ്രതീക്ഷിതമായി മുന്‍ മുഖ്യമന്ത്രി ബസില്‍ യാത്രക്കാരനായെത്തിയത് സഹയാത്രക്കാര്‍ക്ക് കൗതുകകരമായി. അടുത്തേക്ക് ഓടിയെത്തിയ വനിതാ കണ്ടക്ടര്‍ ചോദിച്ചു. സര്‍ എവിടേക്കാണ്, എവിടെ വേണമെങ്കിലും നിര്‍ത്താം. ‘വേണ്ട സ്റ്റോപ്പുള്ളിടത്ത് നിര്‍ത്തിയാല്‍ മതി. എനിക്ക് ടിക്കറ്റ് വേണ്ട, പാസുണ്ട് പുഞ്ചിരിയോടെ ഉമ്മന്‍ ചാണ്ടിയുടെ മറുപടി. പക്ഷേ, ലോഫ്ളോറില്‍ ആര്‍ക്കും പാസ് അനുവദിക്കില്ലെന്ന നിബന്ധനയുള്ളതിനാല്‍ പി.എ രണ്ട് തിരുവനന്തപുരം ടിക്കറ്റെടുത്തു. പിന്നെ ബസ് എവിടെ നിന്ന് സര്‍വ്വീസ് തുടങ്ങി, എപ്പോള്‍ അവസാനിക്കും തുടങ്ങിയ വിവരങ്ങള്‍ ഉമ്മന്‍ ചാണ്ടി തിരക്കി. അപ്പോഴേക്കും പിന്നില്‍ ഇരുന്നവര്‍പോലും സീറ്റ് ഉപേക്ഷിച്ച് സെല്‍ഫിയെടുക്കാന്‍ അടുത്തുകൂടി. ഓരോരുത്തരോടും ഉമ്മന്‍ ചാണ്ടി വിശേഷങ്ങള്‍ തിരക്കി.

ഇതിനിടെയില്‍ ഈ ബസ് യാത്ര ചാനലുകളിലേക്ക് കോണ്‍ഗ്രസുകാര്‍ തന്െ വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞ മാദ്ധ്യമപ്രവര്‍ത്തകര്‍ കഴക്കൂട്ടം മുതല്‍ ബസില്‍ കയറി യാത്ര ചിത്രീകരിച്ചു. എട്ടേമുക്കാലോടെ പാളയത്ത് ബസ് ഇറങ്ങിയ അദ്ദേഹത്തെ കാത്ത് അവിടെയും വലിയ തിരക്കായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്ത് മടക്കയാത്രയ്ക്ക് കാര്‍ നല്‍കാമെന്ന് പ്രവര്‍ത്തകര്‍ നിര്‍ബ്ബന്ധിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തിച്ചാല്‍ മതിയെന്നു പറഞ്ഞ് സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. ബസ് യാത്രയ്ക്ക് ശേഷം തിരുവനന്തപുരം എല്‍എംഎസ് ബസ് സ്റ്റോപ്പില്‍ കാത്തു നിന്ന സ്വന്തം വാഹനത്തില്‍ വീട്ടിലേക്കും. നീണ്ട പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് മുന്‍ മുഖ്യമന്ത്രിയുടെ ബസ് യാത്ര. ജീവനക്കാരോടും യാത്രക്കാരോടും യാത്ര പറഞ്ഞ് ഉമ്മന്‍ ചാണ്ടി പുറത്തിറങ്ങി. എസി ബസ്സിനേക്കാള്‍ സാധാരണ ബസില്‍ യാത്ര ചെയ്യാനാണ് ഇഷ്ടമെന്ന് അദേഹം പറഞ്ഞു.

ബസ് യാത്ര എങ്ങിനെയുണ്ടായിരുന്ന ചോദ്യത്തിന്. സെല്‍ഫി വിശേഷം തന്നെയായിരുന്നു അദേഹത്തിന് പറയാനുണ്ടായിരുന്നത്. ഇനിയുള്ള യാത്രകള്‍ ബസില്‍ തന്നെയായിരുക്കുമെന്ന് പറഞ്ഞാണ് മുന്‍ മുഖ്യമന്ത്രി മടങ്ങിയത്.

Top