“നിശബ്ദ ഫാസിസത്തിന്റെ പിടിമുറുക്കം”ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ പുസ്തക-ദളിത് വിവാദം ഒരു പുനര്‍വായന.

”സ്വർഗ്ഗം പോലെ തോന്നിപ്പിക്കുന്ന ഒരു സ്ഥാപനമാണ് ചെന്നൈ ഐ.ഐ.ടി. പക്ഷേ അതിനുചുറ്റും മതിലുകളാണ്”

– കെ. ദിനു, ലിംഗ സമത്വത്തിന് വേണ്ടി പോരാടുന്ന കോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത്ഥി
പഠിച്ച് പഠിച്ച് പണിക്കരാവുകയാണ് നമ്മുടെ ക്യാമ്പസുകൾഎന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഉണ്ടാവില്ല.സമകാലീന ഇന്ത്യൻ പ്രതിഭാസങ്ങളായ അസഹിഷ്ണുതയുംജാതീയതയുടെ ന്യൂജനറേഷൻ പ്രയോഗങ്ങളുംസദാചാരവാദികളുടെ കുറുവടികളും സമാസമം ചാലിച്ച കുറിപ്പടികളായി ക്യാമ്പസ് ഇടങ്ങളെ മാറ്റാൻ ആർക്കാണ് താത്പര്യം ? ഈ ചോദ്യവും അതിന്റെ ഉത്തരത്തിന് കേരളീയ പൊതുസമൂഹം വരുംനാളുകളിൽ നൽകാൻപോകുന്ന വിലയും അത്ര ചെറുതാവില്ല. ഒരു വിദ്യാർത്ഥി കോളേജ് ലൈബ്രറിയിൽ പോയി മാധവിക്കുട്ടിയുടെ ഒരു പുസ്തകം ആവശ്യപ്പെടുന്നു.നിങ്ങൾക്ക് ഇത്തരം പുസ്തകങ്ങൾ വായിക്കാൻ പ്രായമായിട്ടില്ല, അതുകൊണ്ട് ഈ പുസ്തകം തരാൻ പറ്റില്ല. ലൈബ്രേറിയന്റെ മറുപടി ഇതായിരുന്നുവെത്രേ. സംസ്കാരിക സമൃദ്ധി ആവോളം പാടിപ്പുകഴ്ത്തുന്ന വള്ളുവനാട്ടിലെ ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ ഒരു വിദ്യാർത്ഥിക്കാണ് ഈ അനുഭവം ഉണ്ടായത്. തീർന്നില്ല, കോളേജ് ലൈബ്രറിയിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്ന് പുസ്തകംവായിക്കാൻ സമ്മതിക്കില്ലെന്നമറ്റൊരു തിട്ടൂരവും….! ഇതിനെതിരെ പ്രതികരിച്ച ദളിത് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ ജാതിപ്പേര് വിളിച്ച് അപമാനിക്കുക കൂടി ചെയ്തു എന്ന വാർത്തയാണ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ ഈ ലേഖകനെ വല്ലാതെ അതിശയിപ്പിക്കുന്നത്.

കലാലയങ്ങളിലെ ലൈബ്രറികളുടെ പൊതുഘടന എത്രമാത്രം പ്രതിലോമകരമാണ് എന്ന് ഈ ഘട്ടത്തിൽ അനുഭവത്തിന്റെ തെളിച്ചത്തിൽ പറയാതെ വയ്യ. ലൈബ്രറി പ്രവർത്തകരുടെ നടപടി വിവരക്കേടെന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാൻ കഴിയില്ല. ലേഖകൻ ഈ കോളേജിൽ പഠിക്കുന്നത് 2006-09 കാലഘട്ടത്തിലാണ്, ശാസ്ത്രവിഷയത്തിൽ ബിരുദപഠനം. ഇടവേളകളിലും ക്ളാസ് കട്ട് ചെയ്തും ലൈബ്രറിയിൽ പോയിയിരിക്കുന്നത് അന്നൊരു ശീലവും സന്തോഷവും ആയിരുന്നു. പുസ്തകസുഹൃത്തുക്കളെ ഒപ്പം കൂട്ടി ലൈബ്രറിയിൽ പോയിരിക്കുന്നതിൽ അന്ന് പരിഹാസത്തിനും ഇരയായിട്ടുണ്ട്. വിചിത്രമായ ‘ആചാര’ങ്ങളാണ് അന്ന് ലൈബ്രറിയിൽ അരങ്ങേറിയിരുന്നത്. ഞങ്ങൾ ശാസ്ത്ര ബിരുദ വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യയന പുസ്തകത്തിന് ഒപ്പം മറ്റ് മേഖലകളിലെ പുസ്തകങ്ങൾ എടുക്കാൻ അനുവാദമില്ല-ഫിക്ഷൻ, നോൺ-ഫിക്ഷൻ പുസ്തകങ്ങൾ. ഇനി ഈ പുസ്തകങ്ങൾ റഫറൻസ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് മടക്കിക്കൊടുക്കാം എന്ന് വെച്ചാൽ ചുരുങ്ങിയത് ഒരാഴ്ച്ച കഴിഞ്ഞേ അതിനു പറ്റൂ. അതായത് തിങ്കളാഴ്ച്ച എടുത്ത പുസ്തകം അടുത്ത തിങ്കളാഴ്ച്ചയേ സ്വീകരിക്കൂ. ആ പ്രത്യേക ദിവസം തിരിച്ചുകൊടുക്കാൻ ആയില്ലെങ്കിൽ നിർജ്ജീവമായി ആ പുസ്തകം ആഴ്ചകളോളം വീട്ടിലിരിക്കും…!  ഇനിയുമുണ്ട് ഇവരുടെ ഉട്ടോപ്യൻ ശീലങ്ങൾ. പുസ്തകമെടുക്കാൻപോകുന്നവരെ ലൈബ്രേറിയന് പഞ്ച പുച്ഛമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈബ്രറി ഭരിക്കുന്നതാകട്ടെ പ്യൂൺ തലത്തിലുള്ള ശിങ്കിടികളും. അവർ പറയുന്നതാണ് അവിടെ അവസാനവാക്ക്. രാവിലെ എഴുതിക്കൊടുത്താൽ മാത്രമേ ആ പുസ്തകം, കോളേജ് വിടുന്ന സമയമായ വൈകിട്ട് 3.30ന് കൈയിൽ കിട്ടൂ. പതിനായിരക്കണക്കിന് പുസ്തകങ്ങളുള്ള തിരുവനന്തപുരം സെൻട്രൽ ലൈബ്രറിയിൽ പോലും ഇത്രസമയം വേണ്ടിവരില്ല. ”വേണമെങ്കിൽ കൊണ്ടുപോയി വായിക്കടാ..” എന്ന മട്ട്. വെറുതെ ഇരിക്കുന്ന അവസരങ്ങളിലെല്ലാം, ”പുസ്തകങ്ങൾ കുട്ടികൾക്ക് എങ്ങനെ കൊടുക്കാതിരിക്കാം” എന്ന വിഷയത്തിൽ ലൈബ്രേറിയനും ശിങ്കിടികളും കൂടിയിരുന്ന് ഗവേഷണം നടത്തുകയാണെന്ന് തോന്നിയിട്ടുണ്ട്.

ലൈബ്രറിയിലേക്ക് വിദ്യാർത്ഥികളെ എത്തിക്കാൻ പുതിയ കർമ്മ പദ്ധതിയൊന്നും ആവിഷ്കരിക്കണ്ട, ചെയ്യുന്ന പണി ഇവർക്ക് വൃത്തിയായി ചെയ്തൂടെ എന്ന് അന്ന് ഞാനും സൃഹ്യത്തുക്കളും ആലോചിക്കാറുണ്ട്. ആണ്ടിലും ശങ്ക്രാന്തിക്കും എണ്ണിച്ചുട്ട അപ്പംപോലെ പുസ്തകം പതിച്ചു നൽകിയിരുന്ന സ്കൂൾ ലൈബ്രറി കാലഘട്ടത്തിൽ നിന്ന് ആശ്വാസം തേടി കോളേജ് ലൈബ്രറികളിൽ എത്തിയപ്പോളാകട്ടെ അവസ്ഥ ഇങ്ങനെയൊക്കെയായിരുന്നു. ശാസ്ത്രവിദ്യാർത്ഥികൾക്ക് പുസ്തകം നൽകുന്നതിലുള്ള ഈ വിവേചനവും തലതിരിഞ്ഞ പരിഷ്കാരങ്ങളും അന്ന് പരാതി രൂപത്തിൽ അവതരിപ്പിച്ചിട്ടും വിദ്യാർത്ഥി സംഘടനകളെ അറിയിച്ചിട്ടും ഒരു മാറ്റവും ഉണ്ടായില്ല. അക്കാദമിക് തലങ്ങൾക്ക് അപ്പുറം സർഗ്ഗാത്മക ഇടമായി ക്യാമ്പസുകളെ മാറ്റാൻ മുദ്രാവാക്യം വിളിക്കുന്ന ഒരു വിദ്യാർത്ഥി സംഘടനയ്ക്കും ഇതൊന്നും ഒരു ‘ഗ്ളാമർ’ സമരവിഷയമായി അന്ന് തോന്നിയില്ല എന്നതാണ് ഏറെ കൗതുകകരം. ഞെട്ടിപ്പിക്കുന്ന ഈ വാർത്തയുടെ പശ്ചാത്തലത്തിൽ, ഞങ്ങളുടെ കാലഘട്ടത്തിലെ ലൈബ്രറി രീതി ഓർമ്മിക്കുക മാത്രമാണ് ചെയ്തത്. ഒരുപക്ഷേ മുൻകാലങ്ങളിൽ ഇതിന് അപവാദങ്ങൾ ഉണ്ടായിരുന്നിരിക്കാം. സൈബർ വായനയിലേക്ക് ലൈബ്രറിയുടെ മൂർത്ത രൂപങ്ങൾ ഒതുങ്ങുന്ന നവമാധ്യമങ്ങളുടെ കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. ഒരു പുസ്തകം പ്രസിദ്ധപ്പെടുത്താൻ നിങ്ങൾക്ക് ഒരു പ്രസാധകനെ കിട്ടിയില്ലെന്ന് വെയ്ക്കുക. സ്വന്തം നിലയ്ക്ക് നിങ്ങളുടെ കൃതി ടൈപ്പ് സെറ്റ്ചെയ്ത്, അത് മൊബൈൽ ആപ്പ് ആക്കി നിങ്ങൾക്ക് തിരിച്ച്തരുന്ന നവ-വിജ്ഞാനശൃംഖലാ പ്രവർത്തകർ ഇന്നുണ്ട്. ഈ ഘട്ടത്തിലാണ് കാലത്തിനനുസരിച്ച് പുതിയ പുസ്തകങ്ങൾ വാങ്ങാനോ, ഡിജിറ്റലൈസ് ചെയ്യാനോ കാര്യമായി മെനക്കിടാത്ത കോളേജ് ലൈബ്രറികൾ, സദാചാരത്തിന്റെ അറുപിൻതിരിപ്പൻ നിലപാടുകളുമായി മുന്നോട്ട് വരുന്നത്.
കേരളത്തിലെ കോളേജ് ലൈബ്രറികൾക്ക് സർക്കാർ തലത്തിൽ അനുവദിക്കുന്ന തുക പഴയ അക്കാഡമിക് പുസ്തകങ്ങളുടെ പുതിയ പതിപ്പുകൾ വാങ്ങി ഒരു പ്രയോജനവുമില്ലാതെ ചെലവഴിക്കുകയാണ്. മാറിയ കാലത്തിന് അനുസരിച്ച് പുതിയ പുസ്തകങ്ങൾ വാങ്ങി എത്ര ക്യാമ്പസ് ലൈബ്രറികൾ സ്വയം നവീകരിക്കുന്നുണ്ടെന്ന് നോക്കാൻ ഉന്നതവിദ്യാഭ്യാസ പഠിതാക്കളാരും മെനക്കെടാറില്ല.

കിട്ടാത്ത പുസ്തകം ഇ-ബുക്ക് ആയി ആപ്പ് സ്റ്റോളുകളിൽ കിട്ടുമെന്ന് അറിയാത്ത അപരിഷ്കൃതരാണോ നമ്മുടെ ലൈബ്രേറിയൻമാർ? മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ അശ്ലീലമാണത്രേ..! അല്ലെങ്കിൽ തുണ്ട് പുസ്തകങ്ങളും ദൃശ്യങ്ങളും സൈബർലോകത്തും പുറത്തും മഞ്ഞളിച്ച് തെളിഞ്ഞുനിൽക്കുമ്പോൾ, ലൈബ്രറി ”ഉദ്യോഗസ്ഥർ” കണ്ണ്പൊത്തിക്കളിക്കുകയാണോ? പ്രായപൂർത്തിയായ കോളേജ് വിദ്യാർത്ഥികളെ ശിശുവത്കരിക്കുകയും പക്വതയില്ലാത്തവരായി മുദ്രകുത്തുകയും ചെയ്യുന്ന കപട-രക്ഷകർത്വത്ത ചിന്താഗതിയും വ്യാജസദാചാരവും കൂടിക്കുഴയുമ്പോൾ രോഗം കലശലാകുന്നു. പ്രതിഭാധനരായ സാഹിത്യകാരെയും സിനിമാപ്രവർത്തകരെയും സൃഷ്ടിക്കുന്നതിൽ ഭാവാത്മകമായ പങ്കുവഹിക്കാൻ ഒറ്റപ്പാലം എൻഎസ്എസ് കോളേജിന് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം മറച്ചുവെച്ചല്ല ഇതൊന്നും പറയുന്നത്. ക്യാമ്പസ് വായനാമുറികളെ ഹൈജാക്ക് ചെയ്യാൻ കഴിയുന്ന നിശബ്ദ ഫാസിസ്റ്റ് ധാരകൾ രാജ്യത്ത് വളരുന്നതിന്റെ തുടർച്ചയായി വേണം ഇതിനെ കാണാൻ.   ഒരുകാലത്തെ പുരോഗമന-വായനാഇടങ്ങൾ എങ്ങനെയാണ് രണ്ട് ദശാബ്ദം കഴിയുമ്പോൾ പുസ്തകങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്ന അരാഷ്ട്രീയ ഇടങ്ങളായി തീരുന്നത്? ലൈബ്രേറിയൻമാരുടെ പക്വതയില്ലായ്മയാണെന്ന് ഒരു വാദത്തിനുവേണ്ടി സമ്മതിച്ചാൽ തന്നെ പ്രിൻസിപ്പൽ അടക്കമുള്ള ഉന്നതർ ഈ വിഷയത്തിൽ എടുത്ത നിലപാടും സംശയകരമാണ്. ലൈബ്രേറിയനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച ദളിത് വിദ്യാർത്ഥിയെ ജാതിപ്പേര് വിളിച്ച് പ്രിൻസിപ്പൽ അപമാനിച്ചെങ്കിൽ, വള്ളുവനാട്ടിലെ ഈ കോളേജിൽ ഇപ്പോൾ വീശുന്നത് നിശബ്ദ ഫാസിസ്റ്റ് കാറ്റാണെന്ന് പറയേണ്ടിവരും. സസ്പെൻഷൻ എന്ന വാളോങ്ങി മരണത്തിലേക്ക് വലിച്ചെറിഞ്ഞ ഹൈദ്രാബാദ് സർവ്വകലാശാലയിലെ ദളിത് വിദ്യാർത്ഥി രോഹിത് വെമുലേ നൊമ്പരമായി തുടരുമ്പോളാണ് കേരളത്തിലെ ഒരു കോളേജിൽ ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നത് എന്ന കാര്യമാണ് ഏറെ വിസ്മയിപ്പിക്കുന്നത്. തൃശ്ശൂർ കേരളവർമ്മ കോളേജിൽ പ്രതിഷേധങ്ങൾക്കെതിരെ പുറത്തെടുത്ത ചൂരൽ- അസഹിഷ്ണുത. ആണും പെണ്ണും ഒരുമിച്ചിരുന്ന് പഠിക്കുന്നതിൽ കാപട്യസദാചാരം കണ്ട് കെ. ദിനു എന്ന ദളിത് വിദ്യാർത്ഥിയെ പുറത്താക്കിയ കോഴിക്കോട് ഫാറൂഖ് കോളേജ്. ഇപ്പോൾ ഒറ്റപ്പാലം എൻഎസ്എസ് കോളേജ്… രാഷ്ട്രീയഭേദമെന്യേ ഇതിനെതിരെ പ്രതിഷേധം ഉയർന്നുവരണം. ഭീമമായ യുജിസി ആനുകൂല്യം പറ്റുന്ന അദ്ധ്യയന നാടുവാഴികൾ പഴയ അഴുക്കൻ ഫ്യൂഡൽ ലാവണങ്ങളിലേക്ക് തിരിച്ചുപോയി, പുതിയ കേന്ദ്ര മേലാളൻമാർക്ക് വൃത്തിയായി വിടുപണിചെയ്യുന്നുവെന്ന് വ്യക്തം. ഇന്ത്യയിലെ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ ആർഎസ്എസ് ഇംഗിതങ്ങൾക്ക് അനുസരിച്ച് മാറ്റി പ്രതിഷ്ഠിക്കുന്ന പ്രക്രിയയെ ഇതോടൊപ്പം ചേർത്തുവായിക്കണം. വിദ്യാർത്ഥികളെ എന്നും ജാതീയമായി കളംതിരിക്കാമെന്നും, ദളിത് എന്നും പട്ടികജാതി എന്നും പിന്നോക്കക്കാരൻ എന്നും വീണ്ടും വീണ്ടുംആവർത്തിപ്പിക്കാമെന്നും കരുതുന്ന രാഷ്ട്രീയ ഫാസിസത്തിന്റെ തണലിലാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ ഉത്തരവാദിത്തപ്പെട്ട അദ്ധ്യാപകസംഘടനകളും മൗനം പാലിക്കുകയാണ്. ക്യാമ്പസുകൾക്ക് ചുറ്റും സദാചാരത്തിന്റെ മതിലുകൾ തീർക്കുന്നവർക്കെതിരെ ജാഗ്രത കൂടിയേതീരൂ.

(മാതൃഭൂമി ന്യുസ് ചാനലിലെ സബ് എഡിറ്ററാണ് ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ലേഖകന്‍)

Top