ദില്ലി: ബിജെപിക്കെതിരെ ഐക്യപ്പെട്ടുനില്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ധാരണയിലെത്തി. ശക്തമായ ശബ്ദം രാജ്യസഭയില്‍ ഉയര്‍ത്താനും തീരുമാനിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം. ബിജെപിയുടെ നീക്കങ്ങള്‍ ഓരോന്നും പൊളിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷത്തിന്റെ ഐക്യപ്പെടല്‍. ആദ്യപടിയെന്നോണം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താനും തീരുമാനമായി.
നേരത്തെ ഇക്കാര്യത്തില്‍ വിവിധ പാര്‍ട്ടികള്‍ വിവിധ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നായിരുന്നു വിവരം. ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ഒരു സ്ഥാനാര്‍ഥിയെ മാത്രം പ്രതിപക്ഷത്ത് നിന്ന് മല്‍സരിപ്പിക്കും. സ്ഥാനാര്‍ഥി ആരാണെന്നും യോഗം തീരുമാനിച്ചു. യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ ഇങ്ങനെ…
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീടാണ് ഒരു പക്ഷത്തും ശക്തമായ സാന്നിധ്യമറിയിക്കാത്തെ ഒഡീഷയിലെ ബിജെഡിക്ക് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി നല്‍കാന്‍ പ്രതിപക്ഷം ആലോചിച്ചത്. ഇതുകൂടാതെയും മറിച്ചുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം നടന്നയോഗത്തില്‍ എല്ലാവരും ഐക്യപ്പെടാന്‍ തീരുമാനിച്ചു.
ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുക എന്നത് മാത്രമാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തും. സ്ഥാനാര്‍ഥിയെ യോഗം തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം സ്ഥാനാര്‍ഥി ആരാണെന്ന് പരസ്യപ്പെടുത്തും. കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്താണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ഓഫീസിലായിരുന്നു യോഗം. ബുധനാഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപിക്കെതിരെ പ്രതിപക്ഷം തന്ത്രങ്ങള്‍ മെനയുന്നത്.
രാജ്യസഭയില്‍ പ്രതിപക്ഷ ഐക്യം തെളിയിക്കേണ്ട സമയമാണിതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തില്‍ ഒറ്റക്കെട്ടായി നിന്ന് ബിജെപിയെ പരാജയപ്പെടുത്തണമെന്ന് നേതാക്കള്‍ നിലപാട് സ്വീകരിച്ചു. തുടര്‍ന്നാണ് ഒരു സ്ഥാനാര്‍തിയെ നിര്‍ത്തിയാല്‍ മതിയെന്ന് തീരുമാനിച്ചത്. എന്‍ഡിഎക്ക് മതിയായ ഭൂരിപക്ഷമില്ല രാജ്യസഭയില്‍. കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനായിരുന്നു രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍. അദ്ദേഹത്തിന്റെ കാലാവധി ജൂലൈ ഒന്നിന് അവസാനിച്ചു. ഇനി കുര്യനെ മല്‍സരിപ്പിക്കേണ്ട എന്ന് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചു. തുടര്‍ന്നാണ് അടുത്ത പ്രതിപക്ഷ സ്ഥാനാര്‍ഥി ആരാകുമെന്ന ചര്‍ച്ച വന്നത്. ഡെപ്യുട്ടി ചെയര്‍മാന്റെ കാര്യത്തില്‍ മാത്രമല്ല, വര്‍ഷകാല സമ്മേളനത്തില്‍ മോദി സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട വിവിധ വിഷയങ്ങള്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം ചര്‍ച്ച ചെയ്തു. ബിജെപിയാണ് രാജ്യസഭയിലെ ഏറ്റവും വലിയ കക്ഷി. എന്നാല്‍ അവര്‍ക്ക് കേവല ഭൂരിപക്ഷമില്ല. അതുകൊണ്ടുതന്നെ മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ മാത്രമേ ബിജെപിക്ക് സഭയില്‍ നേട്ടം കൊയ്യാനാകൂ.
തൃണമൂല്‍ കോണ്‍ഗ്രസ് തോവ് സുകേന്ദു ശേഖര്‍ റോയ് സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതല്ല, ബിജെഡിയുടെ നേതാവ് മല്‍സരിക്കുമെന്നും വാര്‍ത്തയുണ്ട്. എന്‍സിപിക്കും സാധ്യത കല്‍പ്പിക്കുന്നു. എന്നാല്‍ ബിജെഡിക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി നല്‍കാന്‍ ബിജെപിയും ആലോചിക്കുന്നുണ്ടത്രെ. ബിജെഡി, എഐഎഡിഎംകെ, അകാലിദള്‍ എന്നിവയില്‍ ഏതെങ്കിലും ഒരു പാര്‍ട്ടി പ്രതിനിധിയാകും ബിജെപി മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ഥിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലത്രെ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് സഖ്യകക്ഷിക്ക് പദവി കൈമാറാന്‍ ബിജെപി ആലോചിക്കുന്നത്.
സഭയില്‍ ബിജെഡി നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കാറ്. കേന്ദ്രസര്‍ക്കാരിനൊപ്പമോ പ്രതിപക്ഷത്തിനൊപ്പമോ അവര്‍ നിലയുറപ്പിക്കാറില്ല. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികിള്‍ ബിജെഡിക്ക് രാജ്യസഭാ ഉപാധ്യക്ഷ പദവി കൈമാറി അവരെ കൂടെ നിര്‍ത്താന്‍ ആലോചിക്കുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായ മുന്നണിക്ക് ശക്തിപകരുക എന്നാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. എന്നാല്‍ ബിജെഡിക്ക് രാജ്യസഭാ ഉപാധ്യക്ഷ പദവിയോട് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതിയാണ് രാജ്യസഭാ ചെയര്‍മാന്‍. രാജ്യസഭയിലേയും ലോക്‌സഭയിലെയും അംഗങ്ങള്‍ ചേര്‍ന്നാണ് ചെയര്‍മാനെ തിരഞ്ഞെടുക്കുക. അതേസമയം, ഡെപ്യൂട്ടി ചെയര്‍മാനെ തിരഞ്ഞൈടുക്കുന്നത് രാജ്യസഭാ അംഗങ്ങള്‍ മാത്രമാണ്. ബിജെപിക്കെതിരെ സഭയില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ പ്രതിപക്ഷ യോഗം ചര്‍ച്ച ചെയ്തു. ലോക്‌സഭാ സ്പീക്കര്‍ക്ക് പ്രതിപക്ഷം ഇപ്പോള്‍ കത്തയച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗം നിന്ന് സഭാ നടപടികള്‍ നീട്ടിക്കൊണ്ടുപോകരുതെന്നാണ് കത്തിലെ ആവശ്യം. നീതിയുക്തമായി നിലകൊള്ളുമെന്ന് കരുതുന്നതായും കത്തില്‍ പറയുന്നു.