മോദിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം:മോദിയെ ലോകം അറിയുന്നത് ഗുജറാത്ത് കലാപത്തിന്റെ പേരിലെന്നു ശിവസേന

മുംബൈ: മുംബൈയില്‍ നടക്കേണ്ടിയിരുന്ന ഗുലാം അലിയുടെ ഗസല്‍ പരിപാടി റദ്ദാക്കിയത് നിര്‍ഭാഗ്യകരണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്ത്.ദാദ്രി സംഭവവും മുംബൈയില്‍ ഗുലാം അലിയുടെ കച്ചേരി മുടങ്ങിയതും ദൗര്‍ഭാഗ്യകരമെന്ന പ്രധാനമന്ത്രിയുടെ പ്രതികരണത്തിനെതിരെ ശിവസേന. നരേന്ദ്ര മോദിയെ ലോകം അറിയുന്നത് ഗോധ്രയുടെയും അഹമ്മദാബാദിന്റെയും പേരിലാണെന്നും തങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കാനുള്ള കാരണം അതാണെന്നും ശിവസേന വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. ‘അതേ മോദി ദാദ്രിയും ഗുലാം അലി സംഭവവും നിര്‍ഭാഗ്യകരമാണെന്ന് പറയുന്നത് ഞങ്ങളെ സംബന്ധിച്ച് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.’ റാവുത്ത് പറഞ്ഞു. അദ്ദേഹം പറഞ്ഞത്, രാജ്യത്തെ പ്രധാനമന്ത്രിയുടേതാകും, നരേന്ദ്രമോദിയുടേതായിരിക്കില്ല റാവുത്ത് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി. മുന്‍ നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ ദേഹത്ത് കറുത്ത പെയിന്റ് ഒഴിച്ചതിന്റെ പേരില്‍ ബി.ജെ.പി ശിവസേന ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഗുജറാത്ത് കലാപവുമായി ബന്ധിപ്പിച്ച് വിവാദമായേക്കാവുന്ന ശിവസേനയുടെ പുതിയ പ്രസ്താവന

ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ മുംബൈയില്‍ നടക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയത്. അന്തരിച്ച ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗിനെ അനുസ്മരിക്കാനായിരുന്നു പരിപാട് സംഘടിപ്പിച്ചത്. പരിപാടിക്ക് മഹാരാഷ്ട്രാ സര്‍ക്കാര്‍ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംഘാടകര്‍ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് ശിവസേനാ പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചത്.

Top