ബിജെപി നേതാക്കളുടെ തമ്മിലടി: മുന്‍ ഉപാധ്യക്ഷന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, ക്വട്ടേഷന്‍ നല്‍കിയത് പാര്‍ട്ടിനേതാവ്

ഗുജറാത്ത്: ബിജെപി മുന്‍ ഉപാധ്യക്ഷന്‍ ജയന്തിഭായ് ഭാനുശാലി വെടിയേറ്റ് കൊല്ലപ്പെട്ടു. കേസില്‍ പാര്‍ട്ടിനേതാവായ ഛബില്‍ പട്ടേലിന് മുഖ്യപങ്കുള്ളതായി പോലീസ് സ്ഥിരീകരിച്ചു. ഇരുവരും തമ്മില്‍ പാര്‍ട്ടിയില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
ജനുവരി എട്ടിന് പുലര്‍ച്ചെയാണ് ഭുജില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രക്കിടെ സായാജിനഗരി എക്സ്പ്രസ്സില്‍ ഭാനുശാലി വെടിയേറ്റ് മരിച്ചത്. മുന്‍ എം.എല്‍.എ.യും 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അബ്ദാസയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായിരുന്ന ഛബില്‍ പട്ടേലും ഭാനുശാലിയുടെ എതിരാളിയായ പൊതുപ്രവര്‍ത്തക മനീഷ ഗോസ്വാമിയും ചേര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് എ.ഡി.ജി.പി. അജയ് തോമര്‍ പറഞ്ഞു. പുണെയില്‍നിന്നുള്ള വാടകക്കൊലയാളികളായ അഷറഫ് അന്‍വര്‍ ശൈഖ്, ദാദാ വഗലേ എന്ന ശശികാന്ത് എന്നിവരാണ് കൊലപാതകം നടത്തിയത്. ഫസ്റ്റ് ക്ളാസ് എ.സി. കോച്ചില്‍ കയറി കൊല നടത്തിയ ശേഷം ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി ഇവര്‍ രക്ഷപ്പെട്ടു.
ഭാനുശാലി 2007-ല്‍ അബ്ദാസയിലെ എം.എല്‍.എ.യായിരുന്നു. ബി.ജെ.പി.യുടെ കച്ച് ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലായിരുന്ന ഛബില്‍ പട്ടേല്‍ 2012-ല്‍ ഭാനുശാലിയെ തോല്‍പ്പിച്ച് എം.എല്‍.എ.യായി. എന്നാല്‍ ഇയാള്‍ പിന്നീട് ബി.ജെ.പി.യില്‍ ചേര്‍ന്നതോടെ ആധിപത്യത്തിനായി പാര്‍ട്ടിയില്‍ ഇരുവരുടെയും പോര് തുടങ്ങി. 2017-ല്‍ സീറ്റ് ലഭിച്ച ഛബില്‍ തോറ്റു. ഇതിനു കാരണം ഭാനുശാലിയാണെന്നും എതിരാളിയെ കൊലപ്പെടുത്തുമെന്നും ഛബില്‍ ഭീഷണിപ്പെടുത്തിയിരുന്നു. പരസ്പരം പെണ്‍കെണിയില്‍ പെടുത്താനും ശ്രമമുണ്ടായി. ഇതിനെ തുടര്‍ന്ന് ഭാനുശാലിക്ക് ബി.ജെ.പി.ഉപാധ്യക്ഷ സ്ഥാനം വെടിയേണ്ടി വന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് ഭാനുശാലിയുമായി ശത്രുതയുണ്ടായ മനീഷ ഗോസ്വാമി ഛബില്‍ പട്ടേലുമായി ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Top