ദില്ലി: രാജ്യസഭയിലും ലോകസഭയിലും നേതൃമാറ്റം കൊണ്ടുവരാൻ കോൺഗ്രസ്. ഒരാൾക്ക് ഒരു പദവി നടപ്പാക്കുന്നതോടെ മുതിർന്ന നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ അധിർ രഞ്ജൻ ചൗധരിക്ക് സ്ഥാനം നഷ്ടമായേക്കും. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ലോക്സഭ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വച്ചിട്ടായിരുന്നു അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്. ഇതോടെ ഇരുവർക്കും പകരക്കാരെ തേടുകയാണ് നേതൃത്വം.രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും ഏറ്റെടുക്കാൻ രാഹുൽ തയ്യാറാകുന്നില്ല .അധികാര പദവികളോടെ ഭയമെന്നാണ് സൂചന.
നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചിരുന്നു. തുടർന്ന് തന്റെ പിൻഗാമിയായി ആരെയാണ് നിർദ്ദേശിക്കുകയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കോൺഗ്രസ് ഹൈക്കമാന്റ് അക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. പാർട്ടിയിലെ സീനിയോറിറ്റിയും അനുഭവപരിചയവും കണക്കിലെടുത്താൽ മുൻ ധനമന്ത്രി പി ചിദംബരത്തിനും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗിനുമാണ് സാധ്യത കൂടുതൽ.
ചിദംബരത്തിന്റെ പേര് പരിഗണിക്കാൻ നേതൃത്വത്തിന് താത്പര്യം ഉണ്ട്. എന്നാൽ ചിദംബരം ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാവാണെന്നതാണ് തടസം. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഖാർഗെ ദക്ഷിണേന്ത്യക്കാരനാണ്. എല്ലാ പ്രധാന പദവികളും ദക്ഷണേന്ത്യയിൽ നിന്നുള്ള നേതാക്കൾക്ക് നൽകുന്നതിനോട് നേതൃത്വത്തിന് താത്പര്യമില്ല. മാത്രമല്ല അധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിനെ പിന്തുണയ്ക്കുന്ന ചിദംബരത്തിന്റെ നിലപാടുകളിലും നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് അഭ്യൂഹങ്ങൾ. ഈ സാഹചര്യത്തിൽ ദിഗ് വിജയ് സിംഗിനായിരിക്കും മുൻഗണന കൂടുതൽ.
എന്നാൽ സിംഗിന്റെ പേരിലുള്ള വിവാദങ്ങൾ ഇത്തരം ആലോചനകളിൽ നിന്നും നേതൃത്വത്തെ പിന്നോട്ട് അടിക്കുന്നുണ്ട്. ഇരുവരുമല്ലെങ്കിൽ മുകുൾ വാസ്നിക്കിന്റേയും കെ സി വേണുഗോപാലിന്റേയും പേര് പരിഗണനയിൽ ഉണ്ടെന്ന് ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.നേരത്തേ വാസ്നികിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നേതൃത്വം പരിഗണിച്ചിരുന്നു. അതേസമയം രാജ്യസഭ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ പേരാണ് ചർച്ചയാകുന്നത്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ഇത്തരമൊരു ആവശ്യം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അധ്യക്ഷ പദവി ഏറ്റെടുക്കാത്ത പശ്ചാത്തലത്തിൽ 2024 തെരഞ്ഞെടുപ്പ് മുൻനിർത്തി ഒരു രാഷ്ട്രീയ സന്ദേശം നൽകാൻ രാഹുൽ ഗാന്ധിയെ രാജ്യസഭ നേതൃസ്ഥാനത്ത് കൊണ്ട് വരണമെന്നാണ് കമൽനാഥ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ രാഹുൽ പദവി ഏറ്റെടുക്കാൻ സാധ്യതില്ല.
ഏതെങ്കിലും പദവിയിൽ തുടരുന്നതിനോട് രാഹുൽ ഗാന്ധിക്ക് താത്പര്യമില്ല. അത്തരത്തിലൊരു താത്പര്യം ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം അധ്യപക്ഷം ഏറ്റെടുക്കാൻ തയ്യാറായേനെയെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അധികാരം ഉണ്ടായിരുന്നപ്പോൾ പോലും മന്ത്രിസ്ഥാനം ഏറ്റെടുത്ത് പ്രവർത്തിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ ഹിന്ദു ഹൃദയഭൂമിയിൽ നേട്ടം കൊയ്യുകയെന്ന ലക്ഷ്യത്തോടെ യുപിയിൽ നിന്നുള്ള പ്രമോദ് തിവാരിയുടെ പേര് ചർച്ചയാകുന്നുണ്ട്.
പ്രതാപ്ഗഡ് ജില്ലയിലെ രാംപൂർ ഖാസ് മണ്ഡലത്തിൽ നിന്നുള്ള നേതാവാണ് 70 കാരനായ തിവാരി. തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമായ യുപിയിൽ തിവാരിയുടെ നിയമനത്തിലൂടെ അനുകൂല തരംഗം ഉണ്ടാക്കാൻ സാധിക്കുമെന്ന് നേതൃത്വം കരുതുന്നുണ്ട്. അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇത് സംബന്ധിച്ച് നേതൃത്വം അന്തിമ നിലപാട് അറിയിക്കും.