ദില്ലി:2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രതിപക്ഷ ഐക്യ ചർച്ചക്കായി ചന്ദ്രശേഖര റാവുവിന്റെ സമയം തേടി നിതീഷ്. ഹൈദരാബാദിലെത്തി റാവുവിനെ കാണും. ജഗൻമോഹൻ റെഡ്ഡിയെ കാണാനും നിതീഷ് ശ്രമം തുടങ്ങി. പ്രതിപക്ഷ യോഗം ബീഹാറിൽ ചേരുന്നതിനെ കോൺഗ്രസ് എതിർക്കില്ല.
ഒരു ഐക്യമുന്നണിക്ക് ബി ജെ പിയെ 100 സീറ്റില്‍ താഴെയായി ഒതുക്കാൻ കഴിയുമെന്ന് നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഈ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കണമെന്നും വിദ്വേഷം പടര്‍ത്തുന്ന ആളുകളില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബി ജെ പിക്കെതിരെ സംസാരിച്ചാൽ റെയ്ഡ് ചെയ്യുകയും ജയിലിലടക്കുകയും ബി ജെ പിക്കൊപ്പം നിന്നാൽ ഹരിശ്ചന്ദ്രനാക്കുകയും ചെയ്യുന്ന അന്തരീക്ഷവും സാഹചര്യവുമാണ് ഇന്ന് രാജ്യത്തുള്ളത്. ഇത് അവസാനിപ്പിക്കാൻ 2024-ലെ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കണമോ എന്ന കാര്യത്തിൽ കോൺഗ്രസ് പാർട്ടി തീരുമാനമെടുക്കണമെന്നും അതിനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഐക്യ ചർച്ചകള്‍ക്കായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലക്നൗവില്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായും നിതീഷ് കുമാർ ചർച്ച നടത്തി.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന ചർച്ചകള്‍. മല്ലികാർജ്ജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയിലും ദില്ലിയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസില്‍ നിന്നും അകന്ന് നില്‍ക്കുന്ന പാര്‍ട്ടികളുമായി ചർച്ച നടത്താന്‍ ബിഹാർ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.
പിന്നാലെ നിതീഷ് കുമാർ ഇടത് പാർട്ടികളും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും ചർച്ച നടത്തി. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോള്‍ തൃണമൂല്‍, സമാജ്‍വാദി പാര്‍ട്ടികളെ കൂടി ഐക്യത്തിന്‍റെ ഭാഗമാക്കാനുള്ള ചർച്ചകള്‍ നടക്കാന്‍ പോകുന്നത്.