തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ ഭാരവാഹികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയതായി സൂചന നല്‍കി ഊര്‍മ്മിള ഉണ്ണി. യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാന്‍ തനിക്ക് മാത്രമേ ധൈര്യം ഉണ്ടായിരുന്നുള്ളുവെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു.
ദിലീപിനെ സംഘടനിയില്‍ തിരിച്ചെടുക്കാന്‍ യോഗത്തില്‍ ശക്തമായി ആവശ്യം ഉന്നയിച്ചത് ഊര്‍മിളാ ഉണ്ണിയായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ആര് പറയുന്നതാണ് ശരിയെന്ന് തനിക്കിത് വരെ മനസിലായിട്ടില്ലെന്നും നടിക്ക് താന്‍ പിന്തുണ നല്‍കിയിരുന്നതായും ഊര്‍മിള ഉണ്ണി മാധ്യമങ്ങളോട് വ്യക്തമാക്കി. കോഴിക്കോട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷരപുരസ്‌കാരം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി.
ദിലീപിനെ തിരിച്ചെടുക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചിരുന്നതായി സൂചനയുണ്ട്. അമ്മയുടെ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളുണ്ട്. ഇതോടെ താരങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തതെന്ന അമ്മയുടെ വാദമാണ് പൊളിഞ്ഞത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇതിന് പിന്നാലെ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഈ തീരുമാനം മരവിപ്പിച്ചു. ദിലീപിനെ പുറത്താക്കിയതിന് നിയമസാധുത ഇല്ലെന്ന കാരണത്താലാണ് തീരുമാനം മരവിപ്പിച്ചതെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.