കൊല്ലം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍. പത്തനാപുരം നിയോജക മണ്ഡലത്തില്‍ റോഡ് അനുവദിക്കുന്നില്ലെന്ന വിമര്‍ശനമാണ് ഗണേഷ് കുമാര്‍ പരസ്യമായി ഉന്നയിച്ചത്. പത്തനാപുരത്ത് റോഡ് ഉദ്ഘാടന ചടങ്ങിനിടെയാണ് ഗണേഷ് കുമാറിന്റെ വിമര്‍ശനം. തന്നെപോലുള്ള സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ മന്ത്രി പരിഗണിക്കുന്നില്ലെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് പോലും 2023 ല്‍ പിഡബ്ല്യുഡി അനുവദിച്ചില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി സുധാകരന്‍ പരിഗണന നല്‍കിയിരുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഉദ്ഘാടന പോസ്റ്ററില്‍ മന്ത്രി റിയാസിന്റെ പടം വച്ചതിനെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. പോസ്റ്ററില്‍ വെക്കേണ്ടിയിരുന്നത് ജി സുധാകരന്റെ ചിത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍ മന്ത്രിയായിരിക്കെ ആറ് കോടിയോളം രൂപ റോഡ് വികസനത്തിന് അനുവദിച്ച് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആവശ്യമായ പണം അനുവദിക്കുന്നില്ല. ഇക്കാര്യങ്ങള്‍ താന്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.