ഐ.എൻ.എക്സ് മീഡിയ കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ മുൻ ധനമന്ത്രി പി. ചിദംബരത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കേസിൽ ഉപാധികളോടെയാണ് ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം നൽകിയത്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പി ചിദംബരം പ്രതികരിച്ചു
തടവിലിട്ടിട്ടും തനിക്കെതിരെ ഒരു കുറ്റം പോലും ചുമത്താന്‍ കഴിഞ്ഞില്ലെന്ന് ജയില്‍ മോച്ചിതനായ ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. കേസിനെക്കുറിച്ച് പ്രതികരിക്കരുതെന്ന കോടതിയുടെ വിലക്ക് താന്‍ മാനിക്കുമെന്നും ചിദംബരം മാധ്യമങ്ങളോടു പ്രതികരിച്ചു. മറ്റു വിഷയങ്ങള്‍ വ്യാഴാഴ്ച സംസാരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഐഎന്‍എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന കേസില്‍ ജാമ്യം ലഭിച്ച പി ചിദംബരം ജയില്‍ മോചിതനായി രാത്രി എട്ടോടെ തിഹാര്‍ ജയിലിന് പുറത്തിറങ്ങിയത്. രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം, അന്വേഷണത്തോട് സഹകരിക്കണം, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത്, പരസ്യ പ്രസ്താവന നടത്തരുത്, കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുത് എന്നീ ഉപാധികളോടെയാണ് സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 105 ദിവസങ്ങള്‍ക്ക് ശേഷമാണ് ചിദംബരത്തിന് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് ആര്‍ ഭാനുമതി, എഎസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്. ചിദംബരം ഇന്ന് പാർലമെൻ്റിലെത്തുമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ പ്രതീക്ഷ. ബിജെപിക്കെതിരെ ആഞ്ഞടിക്കുന്ന ചിദംബരത്തെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.