സൂര്യനെല്ലിയില്‍ കുടുക്കാന്‍ ശ്രമിച്ചത് ഉമ്മന്‍ ചാണ്ടി; വെളിപ്പെടുത്തലുമായി പിജെ കുര്യന്‍

തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് പി.ജെ കുര്യന്‍. തന്നെ പ്രതിയാക്കാന്‍ ചരടുവലിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഉമ്മന്‍ ചാണ്ടി സഹായിച്ചുവെന്നും ഉമ്മന്‍ ചാണ്ടി തനിക്കതെിരെ ഗൂഢാലോചന നടത്തിയെന്നും പി.ജെ കുര്യന്‍ ആരോപിച്ചു.

ഈ കേസില്‍ താന്‍ നിരപരാധി ആയിരുന്നു. മനപൂര്‍വ്വം എന്നെ കുടുക്കാന്‍ ശ്രമിച്ചതാണ്. തന്നെ പ്രതിയാക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഗൂഡാലോചന നടത്തിയിരുന്നു. അന്ന് ഗൂഢാലോചന നടത്തിയ ആ ഉദ്യോഗസ്ഥന്, ഉമ്മന്‍ ചാണ്ടി പിന്നീട് മുഖ്യമന്ത്രി ആയപ്പോള്‍ ഉയര്‍ന്ന തസ്തികയില്‍ നിയമനം നല്‍കി. അന്ന് താന്‍ ഈ നിയമനത്തെ എതിര്‍ത്തെങ്കിലും ഉമ്മന്‍ ചാണ്ടി കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥനോട് ഉമ്മന്‍ ചാണ്ടിക്ക് കടപ്പാടുണ്ടെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലെ ഒരു കോണ്‍ഗ്രസ് മന്ത്രി സൂര്യനെല്ലിക്കേസ് പുനര്‍ജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു. വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്കു പിന്നില്‍ കോണ്‍ഗ്രസ് മന്ത്രിയുടെ പ്രേരണ. മന്ത്രിക്കെതിരെ തെളിവ് സഹിതം പരാതി നല്‍കിയിട്ടും ഉമ്മന്‍ ചാണ്ടി ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭ സീറ്റു വിഭജനത്തില്‍ ഉമ്മന്‍ ചാണ്ടി ഗൂഢാലോചന നടത്തി. സീറ്റ് മാണിഗ്രൂപിനെ അടിച്ചേല്‍പ്പിച്ചു.മാണിഗ്രൂപ്പ് രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടിരുന്നില്ല എന്ന് ജോസ് കെ മാണി വെളിപ്പെടുത്തിയിട്ടുണ്ട്. തന്നോടും ജോസ് കെ മാണി ഇക്കാര്യം തുറന്നു പറഞ്ഞു. നാണം കെടുത്തി സീറ്റ് നിഷേധിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Top