കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ഈ മാസം 28ലേക്കാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിയത്. കഴിഞ്ഞ ദിവസമാണ് ജയരാജനെ 25ാം പ്രതിയായി ഉള്‍പ്പെടുത്തി സി.ബി.ഐ തലശ്ശേരി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേതുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
മൂന്നാം തവണയാണ് മുന്‍കൂര്‍ ജാമ്യം തേടി ജയരാജന്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ പ്രതിയാകാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരഗണിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കോടതി നിലപാട്.
ദിവസങ്ങള്‍ക്കുമുമ്പ് ജയരാജന്‍ പ്രതിയല്ലെന്ന് കോടതിയില്‍ അറിയിച്ച സി.ബി.ഐ, രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാവുകയാണെന്നും ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന്‍റെ അജണ്ടക്കനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചന ഉള്‍പ്പെടെ മനോജിന്‍റെ കൊലപാതകത്തില്‍ ജയരാജന് നേരിട്ട് ബന്ധമുണ്ടെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്.
ജാമ്യം ലഭിക്കാതിരിക്കാന്‍ യുഎപിഎ ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമാണ്. ആര്‍എസ്എസ് ഗൂഡാലോചന നടപ്പിലാക്കുകയാണ് സിബിഐ ചെയ്യുന്നതെന്നും ജാമ്യഹര്‍ജിയില്‍ പി.ജയരാജന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നിരിക്കുകയാണ് പി.ജയരാജന്‍. ജാമ്യം ഇന്നു കോടതി പരിഗണിച്ചു തുടര്‍ വാദത്തിനായി മാറ്റിവെയ്ക്കാനാണ് സാധ്യത. കേസിന്റെ രണ്ടാമത്തെ കുറ്റപത്രം തയ്യാറാക്കാനുളള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
പി.ജയരാജനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കാനാണ് സിപിഎം നേതൃത്വം ആലോചിക്കുന്നത്. ഫസല്‍ വധത്തില്‍ നാടുകടത്തപ്പെട്ട കാരായിമാരുടെ അനുഭവമാണ് നല്ല അഭിഭാഷകരെ നിര്‍ത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുക്കാന്‍ കാരണമായത്.
അതേസമയം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ കഴിയുന്ന ജയരാജനെ അറസ്റ്റില്‍ നിന്ന് രക്ഷിക്കാനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്.