
കണ്ണൂർ: കേരളത്തിലെ ഏറ്റവും മികച്ച സി.പി.എം ജില്ലാ സെക്രട്ടറി എന്നു പേരുള്ള പി.ജയരാജനെ ഇത്തവണ വെട്ടിനിരത്താൻ സാധ്യതയുണ്ടെന്ന് സൂചന.സിപിഎം കോട്ടയായി കാക്കുന്ന കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെയുള്ള സംസ്ഥാന സമിതിയുടെ നടപടി ജില്ലാ സമ്മേളനത്തിൽ ചർച്ചയായേക്കും. ഇതിനു മുന്നോടിയായി നടപടി ബ്രാഞ്ചുകളിൽ റിപ്പോർട്ട് ചെയ്തു തുടങ്ങി.
സിപിഎം ഏരിയ സമ്മേളനങ്ങൾ പൂർത്തിയായതോടെ ചില തെറ്റായ പ്രവണതകൾ എന്ന പേരിലുള്ള കുറിപ്പാണു ബ്രാഞ്ചുകളിൽ അവതരിപ്പിക്കുന്നത്. പി.ജയരാജൻ സ്വയം മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സംസ്ഥാന സമിതിയുടെ കുറ്റപ്പെടുത്തൽ.
ജനുവരി 27 മുതൽ 29 വരെയാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം.
ഏരിയാ സമ്മേളനങ്ങൾ പൂർത്തിയായി ജില്ലാ സമ്മേളനത്തിനായി ഒരുങ്ങുന്പോഴാണ് ജില്ലാ സെക്രട്ടറിക്ക് എതിരെയുള്ള കുറിപ്പ് ബ്രാഞ്ച് കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. നിലവിലുള്ള സംഘടനാ രീതിക്ക് വിരുദ്ധമായാണ് പി.ജയരാജനെ മഹത്വവത്ക്കരിക്കാൻ ശ്രമം നടന്നത്. നവംബർ 11ന് സംസ്ഥാന സമിതി അംഗീകരിച്ച കുറിപ്പാണ് കീഴ്ഘടകങ്ങളിൽ വായിക്കുന്നത്.
പുറച്ചേരി ഗ്രാമീണ കലാവേദിയുടെ സംഗീത ആൽബം, സ്വന്തം ചിത്രം മാത്രമുള്ള ഫ്ലെക്സ് ബോർഡുകൾ, യുഎപിഎ ചുമത്തപ്പെട്ടപ്പോൾ വിശദീകരണ യോഗങ്ങൾക്കായി തയാറാക്കിയ പ്രസംഗ കുറിപ്പ് തുടങ്ങിയവയാണ് ജയരാജനെ വെട്ടിലാക്കിയത്. വ്യക്തിപൂജ പോലുള്ള നീക്കങ്ങൾ അറിഞ്ഞിട്ടും വിലക്കിയില്ലെന്നാണ് വിമർശനം.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ടെത്തിയാണ് ജില്ലാ സമിതിയിൽ ജയരാജനെതിരെയുള്ള കുറിപ്പ് അവതരിപ്പിച്ചത്. ജയരാജൻ പാർട്ടിക്കുവേണ്ടി സഹിച്ച ത്യാഗങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.