തിരുവനന്തപുരം: നിര്‍ദ്ദേശങ്ങള്‍ മറികടന്ന് സന്തോഷ് മാധവന് ഭൂമി നല്‍കിയ കേസില്‍ മുന്‍ മന്ത്രിമാര്‍ കുടങ്ങി. കുഞ്ഞാലിക്കുട്ടിക്കെതിരേയും അടൂര്‍ പ്രകാശിനെതിരേയുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭൂമി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ കൃഷിക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് ഭൂമി പതിച്ചു നല്‍കിയത്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് മന്ത്രിമാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് യൂണിറ്റാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സന്തോഷ് മാധവന്‍ ഭൂമിദാനക്കേസില്‍ വിജിലന്‍സിന്റെ ദ്രുതപരിശോധന റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. നേരത്തെ കേസിലെ ത്വരിത പരിശോധനയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലങ്ങളിലുണ്ടായ നീക്കങ്ങളുടെ കൂടുതല്‍ രേഖകള്‍ ത്വരിത പരിശോധന റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് കോടതി പരാമര്‍ശിച്ചു. ഭൂമിയിടപാട് മന്ത്രിസഭാ യോഗത്തില്‍ അജണ്ടയായി ഉള്‍പെടുത്താനുള്ള വ്യവസായ വകുപ്പിനുള്ള താല്‍പര്യം എന്താണെന്നും വിജിലന്‍സ് കോടതി ചോദിച്ചിരുന്നു. റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരെയാണ് ത്വരിത പരിശോധന നടന്നത്.
എറണാകുളം, തൃശൂര്‍ ജില്ലകളിലായി 127.85 ഏക്കര്‍ മിച്ച ഭൂമിയാണ് സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആര്‍എംഇസെഡ് എക്കോവേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കൃഷി പ്രോപ്പര്‍ട്ടി ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് നികത്താന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.