ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തില്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനവും കരുതലും എന്ന മുദ്രാവാക്യത്തിന് അംഗീകാരമായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ രാവിലെ കുടുംബസമേതം വോട്ടുചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത് വോട്ടിംഗ് യന്ത്രങ്ങള്‍ കൂട്ടത്തോടെ തകരാറിലായതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കണം. മുമ്പൊന്നുമില്ലാത്ത ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ദുഷ്പ്രചാരണങ്ങളെ ഒറ്റക്കെട്ടായാണു നേരിടുന്നത്. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലുണ്ടായ വിജയം ആവര്‍ത്തിക്കും. യു.ഡി.എഫിന്റെ ഐക്യവും ഒരുമയുമാണു മുന്നണിയുടെ മുതല്‍ക്കൂട്ട്. ബാര്‍ കോഴ കേസ് തെരഞ്ഞെടുപ്പില്‍ ഒരു വിഷയമാകില്ല. ബാര്‍ കോഴ വിഷയം ആളിക്കത്തിയ സമയത്താണു അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടന്നത്. അന്നു ജനം അതൊക്കെ തള്ളിക്കളഞ്ഞു. ജനങ്ങള്‍ എല്ലാം അറിഞ്ഞുകൊണ്ടാണിരിക്കുന്നത്. എതിര്‍ക്യാമ്പില്‍ നിന്ന് തെറ്റായ ഒട്ടേറെ പ്രചരണങ്ങള്‍ ഉണ്ടായി. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായതുപോലെ തന്നെ ജനങ്ങള്‍ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Top