തമ്പാനൂര്‍ സതീഷും, ഉദയനും, പദ്‌മിനി തോമസും, മകനും കോൺഗ്രസ് വിട്ട് ബിജെപിയിൽ.. ഇവരില്‍ അവസാനിക്കില്ലെന്ന് ബിജെപി

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേര്‍ന്നു. ഡിസിസി മുൻ ജനറൽ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷ്, ഉദയൻ, കേരള സ്പോര്‍ട്‌സ് കൗൺസിൽ മുൻ അധ്യക്ഷ പദ്മിനി തോമസ്, മകൻ ഡാനി ജോൺ സെൽവൻ എന്നിവരാണ് ഇന്ന് തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരം ഡി സി സിയുടെ മുന്‍ ഭാരവാഹികളായിരുന്ന തമ്പാനൂര്‍ സതീഷും വട്ടിയൂര്‍ക്കാവ് ഉദയനും ഉള്‍പ്പെടെ പത്തിലധികം പേര്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലേക്ക് എത്തി. വരും ദിവസങ്ങളില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്ന് നേതാക്കള്‍ പ്രതികരിച്ചു. കെ കരുണാകരനും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി വ്യക്തി ബന്ധം സൂക്ഷിച്ചിരുന്നയാളാണ് പത്മിനി തോമസ്. പത്മിനിക്കൊപ്പം മകനും ബിജെപി അംഗത്വം സ്വീകരിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതുതായി പാര്‍ട്ടിയിൽ ചേരാനെത്തിയവരെ സ്വീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. പാര്‍ട്ടിയിൽ നിന്ന് രാജിവെക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ പോകില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കെ സുരേന്ദ്രനൊപ്പം കാറിൽ എത്തിയപ്പോഴാണ് ഇദ്ദേഹം ബിജെപിയിൽ ചേരുകയാണെന്ന് വ്യക്തമായത്. ഇവര്‍ക്കൊപ്പമാണ് ഉദയനും ബിജെപി ഓഫീസിലെത്തിയത്. രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പദ്മിനി തോമസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയത്. മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

അധികാര സ്ഥാനം വെച്ച് നീട്ടിയത് കൊണ്ടല്ല കോൺഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുന്നതെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫ് കൺവീനര്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തുകയാണ്. സിഎഎയുടെ മറവിൽ കുളം കലക്കി മീൻ പിടിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിലേക്ക് വന്നവർക്ക് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നന്ദി പറഞ്ഞു. എൻഡിഎ സര്‍ക്കാരിന്റെയും യുപിഎ സര്‍ക്കാരിന്റെയും കാലത്തെ വികസനം തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താരതമ്യം ചെയ്യപ്പെടുമെന്നും തിരുവനന്തപുരത്തെ വികസനവും തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.

Top